ദുരാചാരത്തിന്‍റെ ഭാഗമായി ഭാര്യയെ 50,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൂടി കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ വാച്ച്മാന് രക്ഷപ്പെടുത്തി. മധ്യപ്രദേശിലാണ് വിചിത്ര സംഭവം .
പഴയ ദുരാചാരമായ ജഗ്ധ പ്രദയുടെ പേരിലായിരുന്നു അതിക്രമം. ഭാര്യ – ഭര്‍ത്താക്കന്മാര്‍ വഴക്കിടുമ്ബോള്‍ ഭാര്യയെ വില്‍ക്കുന്നതാണ് ജഗ്ധ പ്രദ എന്ന ദുരാചാരം . രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം.
കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യയെ വില്‍ക്കാന്‍ ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു. ഇതിന്റെ ഭാഗമായി 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തതോടെ യുവതിയെ ഭര്‍ത്താവിന്റെ കുടുംബം കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്ഥലത്തെത്തുകയും നാട്ടുകാരുടെ പിന്തുണയോടെ യുവതിയെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു .
“വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും ലദോബായ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ക്കൊപ്പം പോകാന്‍ താന്‍ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവര്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭര്‍തൃമാതാവ് രമതി ബായ്യും ഭര്‍ത്താവ് ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടര്‍ന്ന് കാവല്‍ക്കാരനെത്തി രക്ഷപ്പെടുത്തി “-യുവതി വെളിപ്പെടുത്തി .
സംഭവം അറിഞ്ഞ് യുവതിയുടെ പിതാവ് നാരായന്‍ ഗുര്‍ജാര്‍ മകളുടെ അടുത്തെത്തുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു . സ്ഥലത്ത് പൊലീസെത്തിയതോടെ യുവതിയെ വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു .
https://www.youtube.com/watch?v=ek8bnH-svyk