വ്യാജമദ്യവുമായി യുവമോര്‍ച്ച നേതാവും അനുയായികളും പിടിയില്‍

0
26

വിദേശ നിര്‍മിത വ്യാജമദ്യവുമായി നീലേശ്വരത്ത് യുവമോര്‍ച്ച നേതാവും എബിവിപി, ബിജെപി പ്രവര്‍ത്തകരും പിടിയിലായി. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ ചാത്തമത്ത് (35), വട്ടപൊയ്യിലിലെ എബിവിപി പ്രവര്‍ത്തകന്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്. ചാത്തമത്ത് പൂവാലംകൈ റോഡില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

യുവമോര്‍ച്ച നേതാവായ ശ്രീകുമാര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇവര്‍ കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നും നീലേശ്വരത്തേക്ക് കടത്തിയ നൂറോളം മദ്യക്കുപ്പികള്‍ ചാത്തമത്ത് കുന്നിന്‍ പ്രദേശത്ത് സൂക്ഷിച്ചിരുന്നു. മദ്യകുപ്പികള്‍ വെള്ള സ്വിഫ്റ്റ് കാറില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിനിടയിലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മാഹിയില്‍നിന്നും കടത്തിക്കൊണ്ടുവരുന്ന മറ്റൊരു വാഹനം കൂടി കാര്യങ്കോട് വച്ച്‌ പിടികൂടിയിരുന്നു. ഇതില്‍ മാവുങ്കാല്‍ സ്വദേശി മനുരാജ്, സുമേഷ് എന്നി സംഘപരിവാറുകാരും പിടിയിലായിട്ടുണ്ട്.