പുനഃസംഘടന : രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകും, 25 ഓളം പുതുമുഖങ്ങൾ ,ആറ് പേർ പുറത്ത്

0
70

 

രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്. ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയുമാണ് മന്ത്രിസഭാ വികസനം.

പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും. കേരളത്തിലെ എൻഡിഎ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം. വൈകുന്നേരം ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ഹർഷ് വർധൻ, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ എന്നിവരെയും മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുപിയിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സുപ്രധാനമായ പാർട്ടി ചുമതലകളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്മൃതി ഇറാനിക്ക് ഉത്തർ പ്രദേശിന്റെ ചുമതല ലഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ ഇതിനോടകം രാജി സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തവർചന്ദ് ഗഹലോത്തിനെ കർണാടക ഗവർണറാക്കിയതോടെ സാമൂഹ്യ നീതി വകുപ്പിൽ പുതിയ മന്ത്രിവരും. ധനവകുപ്പിൽ നിർമല സീതാരാമൻ തുടരുമോ എന്നുള്ളതാണ് രാജ്യം കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന കാര്യം.

മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേർ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സർബാനന്ദ സോനൊവാൾ, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആർപിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു. പുനഃസംഘടനയിൽ ശോഭാ കരന്തലജെ, നാരായൺ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേൽ, സോനേവാൾ, അജയ് ഭട്ട്, സുനിത ദഗ്ഗൽ, ഭൂപേന്ദർ യാദവ്, ഹീനാ ഗാവിത്, കപിൽ പാട്ടീൽ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന.