അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി: കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കും: മന്ത്രി

0
25

 

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.നേരത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ വേതനത്തിലും സർക്കാർ വർധനവ് വരുത്തിയിട്ടുണ്ടായിരുന്നു. അതിന് സമാനമായ രീതിയിലാണ് അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനത്തിൽ വർധനവ് വരുത്തുന്നത്.

ഏറെ നാളുകളായി ജീവനക്കാരും സംഘടനാ പ്രതിനിധികളും ആവശ്യപ്പെടുന്ന കാര്യമാണ് വേതനം വർധിപ്പിക്കണമെന്നത്. അവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടാണ് ഇപ്പോൾ വേതന വർധനവ് വരുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അക്രെഡിറ്റഡ് എഞ്ചിനീയർ, ഓവർസീയർ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയും നിയമന രീതിയും പരിഷ്‌കരിച്ചതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സിവിൽ, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവരെയാണ് നിലവിൽ ഈ തസ്തികകളിലേക്ക് പരിഗണിച്ചിരുന്നത്. ഇവരുടെ അഭാവത്തിൽ പോളിടെക്നിക് ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയോ, രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റും പത്ത് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയോ പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.

അക്രെഡിറ്റ് ഓവർസീയർമാരുടെ യോഗ്യത പോളിടെക്നിക്ക് ഡിപ്ലോമയും ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റുമായും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി 2022 മാർച്ച് 31 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

ഇത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ബാധകമാക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവർക്കും കാലാവധി നീട്ടിയ തീരുമാനം ബാധകമാവുമെന്ന് മന്ത്രി കൂട്ടി ചേർത്തു.