ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് മൊഴി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.
ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 30-നാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ആറ് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരൻ വീടിന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ആദ്യം ആത്മഹത്യ എന്ന് തോന്നിപ്പിച്ചുവെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായെന്ന കാര്യം വ്യക്തമായത്. പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. സംഭവം ദിവസം ഇയാൾ ലൈംഗികമായി ഉപദ്രവിച്ചപ്പോൾ കുട്ടി ബോധരഹിതയായി.
മരിച്ചുവെന്ന് കരുതി ഇയാൾ ഷാളിൽ പെൺകുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ സംസ്കാര ചടങ്ങിൽ ഭാവവ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ പ്രതി പങ്കെടുത്തുവെന്നും പ്രദേശവാസികൾ പറഞ്ഞു.