‘കേരള സർക്കാർ എപ്പോഴും പിന്തുണ നൽകുന്നവർ’ വ്യവസായി ഹർഷ് വർധൻ ഗോയെങ്കയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി

0
126

 

കേരള സർക്കാർ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്നും മികച്ച പിന്തുണയാണ് സർക്കാർ നല്കുന്നതെന്നുമുള്ള ആർ.പി.ജി. ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഹർഷ് വർധൻ ഗോയെങ്കയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ വ്യവസായത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദി. നിങ്ങളുടെ സത്യസന്ധത വളരെയധികം വിലമതിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം, അത് തുടരും. എൽ‌ഡി‌എഫ് സർക്കാർ സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ കേരള സർക്കാർ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് സാമ്പത്തിക വിദഗ്ധയായ പ്രൊഫ. ഷാമിക രവിയ്ക്ക് ട്വിറ്ററിൽ മറുപടി നൽകിയിരുന്നു.

കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാൻ കാരണം സർക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി വലതുപക്ഷ മാഗസിനായ സ്വരാജ്യ ഒരു ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമികയുടെ പ്രതികരണം. ഇതിന് മറുപടി നൽകുകയായിരുന്നു ഹർഷ് ഗോയെങ്ക.

‘കേരളത്തിൽ എന്തുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം വർധിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവർ വായിച്ചിരിക്കേണ്ട കേസ് സ്റ്റഡിയാണിത്,’ എന്നായിരുന്നു ഷാമികയുടെ ട്വീറ്റ്. എന്നാൽ ‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ. കേരള സർക്കാർ മികച്ച പിന്തുണ നൽകുന്നവരായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ എന്നായിരുന്നു ഹർഷ് ഗോയെങ്കയുടെ ട്വീറ്റ്.