ടോക്കിയോ ഒളിംപിക്‌സിൽ യോഗ്യത നേടിയ മലയാളിയായ നീന്തൽ താരം സജൻ പ്രകാശിന് സർക്കാരിന്റെ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തൽ താരമാണ് സജനെന്നും അദ്ദേഹം പറഞ്ഞു.
‘ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നീന്തൽ താരം സജൻ പ്രകാശിന് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു ഇന്ത്യൻ നീന്തൽ താരം നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലാണ് മത്സരിക്കുക. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തൽ താരമാണ് സജൻ. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തായ്‌ലൻഡിൽ പരിശീലനത്തിലായിരുന്നു.
2015 ദേശീയ ഗെയിംസിൽ സ്വർണവേട്ട നടത്തിയ സജന് കേരളാ പൊലീസിൽ ജോലി നൽകി. 6 സ്വർണവും വെള്ളിയും അന്ന് നേടിയിരുന്നു. സജന് എല്ലാ പിന്തുണയും ഗവൺമെന്റ് നൽകും. ഇടുക്കി സ്വദേശിയായ സജന് ഒളിമ്പിക്‌സിൽ മെഡൽ നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു’, മന്ത്രി പറഞ്ഞു.