ഇന്ത്യയിലെ എണ്ണകമ്പനികളെ വിദേശകമ്പനികൾക്ക് വിൽക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ

0
68

രാജ്യത്തെ എണ്ണകമ്പനികളിൽ പൂർണമായ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ.പെട്രോളിയം, പ്രകൃതി വാതക പൊതുമേഖലാ കമ്പനികളിൽ പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‌ അനുമതി നൽകുന്നു. ഇതിനായി വാണിജ്യമന്ത്രാലയം മന്ത്രിസഭാ കുറിപ്പ്‌ തയ്യാറാക്കി. ഇതിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ വൻകിട എണ്ണ ശുദ്ധീകരണശാലകളും ഒഎൻജിസി ഉൾപ്പെടെയുള്ള പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വിദേശ കുത്തകകളുടെ കൈകളിലെത്തും. ബിപിസിഎല്ലിൽ
കേന്ദ്രസർക്കാരിനുള്ള 52.98 ശതമാനം ഓഹരിയും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതു വാങ്ങാൻ ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത അടക്കം മൂന്ന്‌ കമ്പനി താൽപര്യപത്രം നൽകിയിട്ടുണ്ട്‌. നിലവിൽ പൊതുമേഖല എണ്ണക്കമ്പനികളിൽ 49 ശതമാനംവരെ ഓഹരികളിൽ മാത്രമാണ്‌ പ്രത്യേക അനുമതിയില്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്‌.

കേന്ദ്രസർക്കാരിന് വിലനിയന്ത്രണത്തിനുള്ള അധികാരം പിൻവലിക്കുന്നത് യു പി എ സർക്കാരിന്റെ കാലത്താണ്. ഇതേതുടർന്ന് രാജ്യത്തെ എണ്ണവില നിയന്ത്രിക്കാനുള്ള അധികാരം കമ്പനികളുടെ കയ്യിലെക്കെത്തി. രാജ്യത്ത് ഇന്ധന വില വര്ധനവുണ്ടാകുന്നതിന് ഇടയാക്കിയ ഈ തീരുമാനത്തിന് സമാനമായ നയമാണ് ഇപ്പോൾ മോഡി സർക്കാരും സ്വീകരിക്കുന്നത്. രാജ്യത്തെ എണ്ണകമ്പനികളിലെ വിദേശ നിക്ഷേപം നൂറു ശതമാനം നേരിട്ടുള്ള നിക്ഷേപമാക്കിയാൽ നിലവിലെ ഇന്ധന വില ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.കൂടാതെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിനും കമ്പനി വിദേശസ്ഥാപനത്തിന്റെ നിയന്ത്രണത്തിലാകുന്നതിനും പുതിയ നയം വഴിയൊരുക്കും.വിപണിയും വിലക്കയറ്റവും ഇനിയും രൂക്ഷമാകുമെന്നും നൂറു ശതമാനം നിക്ഷേപം അനുവദിക്കാൻ പാടില്ല എന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.