പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിൽ, അന്വേഷണം തമിഴ്‌നാട്ടിലേക്കും

0
85

 

പത്തനാപുരത്ത് ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും. പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി.

തിരുച്ചിയിലെ സ്വകാര്യകമ്പനിയിൽ നിർമിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സൺ 90 ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്കാണിത്. എന്നാൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.

അതേസമയം സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പൊലീസ് നിഗമനം.കണ്ടെത്തിയ ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോൺ ഇലക്ട്രിക്കൽ വിഭാഗത്തിൽപ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.

വനം വകുപ്പിൻറെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻറെ കശുമാവിൻ തോട്ടത്തിൽ പൊലീസിന്റെ പതിവ് പരിശോധനയിലായിരുന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്.