മുൻമന്ത്രിമാരായ എം എം മണിയും കടകംപള്ളിയും “ഏറ്റുമുട്ടി”, പിന്തുണയുമായി “ആരാധകരും”

0
148

 

മുൻമന്ത്രിമാരായ എം എം മണിയും കടകംപള്ളിയും “ഏറ്റുമുട്ടി”. പിന്തുണയുമായി “ആരാധകർ ചേരി തിരിഞ്ഞ് എത്തിയതോടെ “ഏറ്റുമുട്ടൽ” സമൂഹമാധ്യമങ്ങളിൽ വൈറലായി. ലാറ്റിനമേരിക്കൻ ഫുടബോളിന്റെ ചന്തമായ കോപ അമേരിക്കയുടെ പേരിലാണ് എം എം മണിയും കടകംപള്ളിയും ഫേസ്ബുക്കിൽ “ഏറ്റുമുട്ടിയത്”. സമൂഹമാധ്യമങ്ങളും ഫുടബോൾ ആരാധകരും രണ്ടുപേർക്കും വേണ്ടി ചേരി തിരിഞ്ഞതോടെ കാൽപ്പന്തുകളിയുടെ ആവേശവും സൗന്ദര്യവും കമന്റുകളിലും നിറഞ്ഞു.

അർജന്റീനയുടെ കട്ട ഫാനാണ് മണിയാശാൻ. തന്റെ ഫേസ്ബുക്ക് പ്രൊഫൈൽചിത്രം അർജന്റീനൻ ജേഴ്സിയുടെ നിറത്തിലാക്കി. മാത്രമല്ല, ഉറപ്പാണ് അർജന്റീന എന്ന ക്യാപ്‌ഷനുമുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് ഉയർത്തിയ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന ക്യാപ്‌ഷൻ ലേശമൊന്ന് മാറ്റിപിടിച്ചാണ് മണിയാശാൻ അർജന്റീനക്കൊപ്പം കളം നിറയുന്നത്. എന്നാൽ, കടകംപള്ളി സുരേന്ദ്രനാകട്ടെ ബ്രസീൽ വിട്ടൊരു കളിയുമില്ല. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ‘കമോൺട്ര ബ്രസീലേ’ എന്നതാണ് ക്യാപ്‌ഷൻ.

അദ്ദേഹവും പ്രൊഫൈൽ ബ്രസീൽ ടീമിന്റേതാക്കിയിട്ടുണ്ട്. ഇത്തവണ കോപ്പയിൽ ബ്രസീൽ തന്നെ മുത്തമിടുമെന്ന് കടകംപള്ളി ഉറച്ചുവിശ്വസിക്കുന്നു. സോക്കർ സൗന്ദര്യത്തിന്റെ പൂർണതയാണ് ബ്രസീൽ എന്നും കടകംപള്ളി ബ്രസീൽ ആരാധകരെ ഓർമിപ്പിക്കാറുമുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള “ഏറ്റുമുട്ടലിന്” വഴിയൊരുക്കിയ പോസ്റ്റ് മണിയാശാൻ പോസ്റ്റുന്നത്.

അതിങ്ങനെ- ‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ… അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല… #ചെഗുവേരയുടെഅർജൻ്റീന #മറഡോണയുടെഅർജൻ്റീന #അർജന്റീനയുടെ_ഫാൻ… 💙🤍💙’. ഇതിന് മറുപടിയായാണ് ഇത്തവണ ബ്രസീൽ കപ്പടിക്കും എന്ന് കടകംപള്ളി കുറിച്ചത്.

‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങൾക്കാണ്.. മഞ്ഞപ്പട..’ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ‘ആത്മവിശ്വാസം നല്ലതാണ് അവസാനം വരെ’ എന്നാണ് ആശാൻ ഇതിന്എ മറുപടി നൽകിയത്. ഇതോടെ അർജന്റീന, ബ്രസീൽ ആരാധകർ ഓരോരുത്തരായി ലൈക്കടിച്ച് രംഗത്തുവന്നതോടെ രസകരമായ കമന്റുകളും നിറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ സഹപ്രവർത്തകരും മന്ത്രിമാരുമായിരുന്ന മണിയാശാനെയും കടകംപള്ളിയെയും പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി കളം നിറയുന്നത്. ‘വിട്ടുതരില്ല ഉടുംമ്പൻചോല പിടിച്ച മാതിരി വൻ ഭൂരിപക്ഷത്തിൽ പിടിക്കും ഞങ്ങൾ സഖാവേ എന്ന കമന്റുമായി അർജന്റീനൻ ആരാധകൻ വന്നപ്പോൾ ‘മഹിഷിയെ നിഗ്രഹിച്ച കടകംപള്ളി സഖാവിനൊപ്പം കഴക്കുട്ടത്തിന്റെ മുത്തിനൊപ്പം; എന്ന മറുപടിയും വന്നു.

ഇതിനിടെ മനോരമയെ ട്രോളിയും കമന്റുകൾ നിറഞ്ഞു. ‘സിപിഎം മുൻ മന്ത്രിമാർ അഭിപ്രായ ഭിന്നത കടകംപള്ളി സുരേന്ദ്രൻ മണിയാശാൻ നേർക്കു നേർ’ എന്ന വാർത്ത ഉടൻ കേൾക്കാമെന്നായിരുന്നു രസികൻ കമന്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ “അസാധ്യ പ്രവചനങ്ങൾ” നടത്തിയവരെ മുൻനിർത്തിയുള്ള രസകരമായ കമന്റുകളും നിറയുന്നുണ്ട്.