സ്വാതന്ത്ര്യമില്ലാത്ത നാട്ടിലെ ദളിത് സമരനായകൻ വിട പറഞ്ഞു

0
99

മനോജ് വാസുദേവ്

‘യാരിഗെ ബൻതു, എല്ലിഗെ ബൻതു, നലുവത്തേലര സ്വാതന്ത്ര്യ’, ‘ ടാറ്റ ബിർളര ജേബിഗെ ബൻതു, ജനഗള തിന്നുവ ബായിഗേ ബൻതു, കൊട്ടാദീശ്വര കോണേഗേ ബൻതു, നലുവത്തേലര സ്വാതന്ത്ര്യ’ (എവിടെയാണ് നിങ്ങൾ പറഞ്ഞ ആ നാൽപ്പത്തിയേഴിലെ സ്വാതന്ത്ര്യം, ആർക്കാണ് ആ സ്വാതന്ത്ര്യം കിട്ടിയത്, അതെ സ്വാതന്ത്ര്യം കിട്ടി, ടാറ്റയുടെയും ബിർളയുടെയും പോക്കറ്റുകളിൽ, ജനങ്ങളെ തിന്നുന്നവരുടെ വായിലേക്ക്, കോടീശ്വരന്മാരുടെ താവളങ്ങളിലാണ് നിങ്ങൾ പറഞ്ഞ സ്വാതന്ത്ര്യം)- കന്നഡ നാട്‌ ഇന്നും ആവേശത്തോടെ ഏറ്റുപാടുന്ന പോരാട്ടഗാനം.

സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും രാജ്യത്തെ തൊഴിലാളികളെയും സാധാരണക്കാരെയും ദളിതരെയും കർഷകരെയും കൂടുതൽ അസ്വാതന്ത്ര്യത്തിലേക്ക് തള്ളിവിടുകയും കൂടുതൽ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതുമാണോ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് മുഖം നോക്കി നിർഭയമായി വിളിച്ചുപറഞ്ഞ പോരാളിയാണ് ഡോ. സിദ്ധലിംഗയ്യ.

പാവപ്പെട്ടവന്റെ വീട്ടിലെ മണ്ണെണ്ണ വിളക്കുകൾ പോലും കത്താത്ത കാലത്താണ് നിങ്ങൾ സ്വാതന്ത്ര്യം എന്ന് പറയുന്നത്. ആർക്കു വേണ്ടിയാണിതെന്നും അദ്ദേഹം ഉറക്കെ വിളിച്ചു ചോദിച്ചു. മുറിവേറ്റ ജനാധിപത്യവും ചങ്ങലയ്‌ക്കിട്ട സ്വാതന്ത്ര്യവുമാണ്‌ ബാക്കിപത്രം എന്ന് അദ്ദേഹം ഈ ഗാനത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് എന്ന മഹാമാരിക്കിരയായി സിദ്ധലിംഗയ്യ വിട പറയുമ്പോൾ മറയുന്നത് ദളിത് മുന്നേറ്റങ്ങൾക്ക് നായകത്വം വഹിച്ച എഴുത്തുകാരൻ കൂടിയാണ്.

കർണാടകത്തിലെ ജാതീയ വിവേചനവും ഭ്രഷ്ടുമെല്ലാം ഭയമേതുമില്ലാതെ തുറന്നുകാട്ടി. അതിനെതിരെ നിരന്തരം പോരാടി. എഴുത്തിലൂടെയും പിന്നീട് സംഘാടനത്തിലൂടെയും കർണാടകത്തിലെ ദളിത് പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചു. മഹാത്മാഗാന്ധിയെയും ഡോ. ബി ആർ അംബേദ്‌കറെയും മറ്റും ആധുനിക രാഷ്ട്രീയചരിത്രത്തിൽ അപ്രസക്തമാക്കാനുള്ള സംഘപരിവാർ നീക്കങ്ങളെ അദ്ദേഹം എന്നും തുറന്നെതിർത്തു.

കന്നഡ ഭാഷയിലെ ശ്രദ്ധേയരായ കവികളിൽ ഒരാളായിരുന്നു. കന്നഡ ദളിത് കവി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ട സിദ്ധലിംഗയ്യ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ചു. കർണാടകത്തിൽ, പ്രത്യേകിച്ച് ബംഗളുരുവിൽ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചു.

അയിത്തത്തിനെതിരെയും ജാതി വിവേചനത്തിനെതിരെയും സിപിഐ എം ഏറ്റെടുത്ത പ്രക്ഷോഭങ്ങൾക്കൊപ്പം മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. കവിത, നാടകം, തെരുവുനാടകം എന്നീ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകി.

1974-ൽ കർണാടകയിൽ രൂപീകരിച്ച ദളിത സംഘർഷ സമിതിയുടെ സ്ഥാപകരിലൊരാളാണ്. ദലിത്​ മുന്നേറ്റത്തിനായി പ്രഫ. ബി. കൃഷ്ണപ്പ, ദേവനൂരു മഹാദേവപ്പ, കെ ബി സിദ്ധയ്യ, ഡോ. സിദ്ധലിംഗയ്യ എന്നിവർ ചേർന്നാണ് ദളിത സംഘർഷ സമിതി രൂപീകരിച്ചത്. 1953 ൽ രാമനഗര ജില്ലയിലെ മാഗഡി മഞ്ചനബെലെയിൽ ജനിച്ച സിദ്ധലിംഗയ്യ രാജ്യത്തെ പ്രമുഖ ദളിത് ശബ്ദമായാണ് അറിയപ്പെടുന്നത്.

കന്നഡ ഭാഷയിലും സാഹിത്യത്തിലും എംഎയും ഡോക്ടറേറ്റും നേടി. കർണാടകത്തിൽ ദളിത് മുന്നേറ്റങ്ങൾക്ക് വിത്തുപാകി. ‘ഹൊളെ മാദിഗര നാടു’, ‘സാവിറാറു നദികളു’, ‘കപ്പു കാടിന ഹാഡു’, ‘മെരവനിഗെ’, ‘പഞ്ചമ്മ’, ‘ഏകലവ്യ’ എന്നിവ ശ്രദ്ധേയ കൃതികൾ. ‘ഗ്രാമദേവതകളു’ എന്ന ഉപന്യാസ സമാഹാരവും പുറത്തിറക്കി. ‘ഹൊളെ മാദിഗര നാടു’, ‘കപ്പു കാടിന ഹാഡു’, ‘മെരവനിഗെ’ എന്നിവ സാഹിത്യലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ‘യാരിഗെ ബൻതു, എല്ലിഗെ ബൻതു, നലുവത്തേലര സ്വാതന്ത്ര്യ’ (ആർക്കാണ്, എവിടെയാണ് നിങ്ങൾ പറഞ്ഞ നാല്പത്തിയേഴിലെ സ്വാതന്ത്ര്യം ലഭിച്ചത്) എന്ന വിപ്ലവഗാനം കന്നഡയിലെ ദളിത്-ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് ഊർജം പകർന്നിട്ടുണ്ട്.

ഇന്നും കർണാടകത്തിൽ ഈ പോരാട്ടഗാനം ഏറെ ചർച്ച ചെയ്യപ്പെടുന്നു. കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യം കൊണ്ടും ശക്തമായ വിമർശനം കൊണ്ടും ശ്രദ്ധേയമായിരുന്നു സിദ്ധലിംഗയ്യയുടെ പല രചനകളും. കർണാടകത്തിന്റെ ഉൾഗ്രാമങ്ങളിലെ ജാതീയ വിവേചനങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ നർമം കലർത്തിയും ഒപ്പം ശക്തവുമായിട്ടാണ് അവതരിപ്പിച്ചിരുന്നത്.

സിദ്ധലിംഗയ്യയുടെ നിരവധി രചനകൾ ഇംഗ്ലീഷിലേക്കും മറ്റു ഇന്ത്യൻ ഭാഷകൾക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ആത്മകഥയായ ‘ഊരുകേരി’ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കന്നഡയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ‘പംപ’ പുരസ്‌കാരം നൽകി കർണാടക സർക്കാർ ആദരിച്ചിട്ടുണ്ട്. ഹംപി സർവകലാശാലയുടെ നാടോജോ പുരസ്‌കാരം, രാജ്യോത്സവ അവാർഡ് എന്നിവക്ക് അർഹനായി.

ശ്രവണബലഗൊളയിൽ നടന്ന 81-മത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷനായിട്ടുണ്ട്. 1980-ൽ കർണാടക നിയമ നിർമാണ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എംഎൽഎയായി. കന്നഡ വികസന അതോറിറ്റി മുൻ ചെയർമാൻ, ബംഗളുരു സർവകലാശാലയിലെ കന്നഡ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഇന്ത്യയെന്ന സങ്കൽപ്പവും സ്വാതന്ത്ര്യവും ചരിത്രത്തിലില്ലാത്തവിധം വെല്ലുവിളി നേരിടുമ്പോൾ സിദ്ധലിംഗയ്യയുടെ പോരാട്ടഗാനങ്ങൾക്ക് പ്രസക്തി ഏറെയാണ്. സ്വാതന്ത്ര്യസമരം ഉയർത്തിക്കൊണ്ടുവന്ന ജനാധിപത്യ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് തൊഴിലാളികളും കർഷകരും ദളിതരും കർഷക തൊഴിലാളികളും ഒറ്റക്കെട്ടായി മുന്നോട്ടുവരാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ഭാര്യയും രണ്ടു മക്കളുമുണ്ട്‌. ഭാര്യ അടുത്തിടെയാണ് കോവിഡ് മുക്തയായത്. ഡോ. സിദ്ധലിംഗയ്യയുടെ നിര്യാണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറി യു ബസവരാജു, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് വരലക്ഷ്മി, എഴുത്തുകാരിയും മഹിളാ അസോസിയേഷൻ നേതാവുമായ കെ നീല ഗുൽബർഗ, കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ തുടങ്ങിയവർ അനുശോചിച്ചു.