കുഴൽപ്പണ വിവാദം; സുരേന്ദ്രനെ നേരിട്ട് വിളിപ്പിച്ചു,ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച

0
89

 

കൊടകര കുഴൽപ്പണ വിവാദത്തിൽ ദേശീയ നേതൃത്വം നേരിട്ട് വിളിപ്പിച്ചതിനാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഡൽഹിയിലെത്തി. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകും. തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ ഇന്ന് സന്ദർശിക്കും.

കൊടകര കുഴൽപ്പണക്കേസിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. കേരളത്തിലെ ഈ വിവാദ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.

കേരളത്തിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്ന കുഴൽപ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളിൽ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സുരേന്ദ്രൻ ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. നടപടികൾക്ക് മുന്നേതന്നെ നേതൃത്വത്തിന് മുന്നിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.

അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.