പണം നൽകി പത്രിക പിൻവലിപ്പിച്ചെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തല്‍; കെ സുരേന്ദ്രനെതിരെ കേസെടുത്തു

0
33

ലക്ഷങ്ങൾ കോഴ നൽകിയതിനാലാണ് നാമനിർദ്ദേശ പത്രിക പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപി നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. കെ സുരേന്ദ്രനുപുറമെ മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെതുടർന്നാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം പരാതിക്കാരന്റെയും സുന്ദരയുടെയും മൊഴി രേഖപ്പെടുത്തും. അതിനിടെ വെളിപ്പെടുത്തൽ നടത്തിയ സുന്ദരയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വാണിനഗറിലെ വീട്ടിൽ നിന്ന് സുന്ദരയെ ബിജെപിക്കാർ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറഞ്ഞു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് തോറ്റത്.