പൊലീസിൽ നിന്നും പടിയിറങ്ങുന്നു; പാപ്പച്ചൻ ഇനി മൈതാനത്തിന്റെ ആരവങ്ങളിലേക്ക്

0
83

ഇ​ന്ത്യ​ൻ ഫുടബോളിന്റെ ചരിത്രത്തിൽ ത്രസിപ്പിക്കുന്ന അധ്യായം തീർത്ത മിന്നും താരം സി വി പാപ്പച്ചൻ കേരള പൊലീസിൽ നിന്ന് വിരമിക്കുന്നു. 36 വ​ര്‍ഷ​ത്തെ സേ​വ​നം മേ​യ്​ 31ന് ​അ​വ​സാ​നി​പ്പി​ച്ച് രാ​മ​വ​ർ​മ​പു​രം പൊ​ലീ​സ് അക്കാദമിയുടെ കമാൻഡന്റായാണ് പടിയിറക്കം. വർഷങ്ങളായി രാജ്യത്തെ ഫുട്ബാൾ ആരാധകരെ ത്രസിപ്പിച്ച സി വി പാപ്പച്ചൻ ഇന്ത്യയുടെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളാണ്. അസാമാന്യമായ പന്തടക്കം കൊണ്ടും കോ​ർ​ണ​ർ കട്ടുകൾ കൊണ്ടും കാൽപ്പന്തുകളിയിൽ മാസ്മരികത തീർത്ത, ഇന്ത്യ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര താരമായ പാപ്പച്ചൻ കായികലോകത്തിനുള്ള കേരള പൊലീസിന്റെ സംഭാവനയാണ്.

 


ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ച ഫുട്ബോൾ താരമായ സി വി പാപ്പച്ചൻ ആംഡ് പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി 1985 ലാണ് ജോലിയിൽ പ്രവേശിച്ചത്. കെ എ പി അഞ്ചാം ബറ്റാലിയൻ, മൂന്നാം ബറ്റാലിയൻ, ഒന്നാം ബറ്റാലിയൻ, ഐ ആർ ബറ്റാലിയൻ, കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ദീർഘകാലം കേരള പൊലീസ് ടീമിൻറെ ക്യാപ്റ്റനായിരുന്നു. 1990ല്‍ ​ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ളി​ലെ ക​രു​ത്ത​ൻ​മാ​രെ​ന്ന വി​ശേ​ഷ​ണ​മു​ള്ള സാ​ൽ​ഗോ​ക്ക​റി​നെ അ​ട്ടി​മ​റി​ച്ച്​ കേ​ര​ള പൊ​ലീ​സ് ആ​ദ്യ​മാ​യി ഫെ​ഡ​റേ​ഷ​ൻ കപ്പിൽ മുത്തമിട്ടത് പാപ്പച്ചന്റെ അസാമാന്യമായ കോ​ർ​ണ​ർ കട്ടിൽ പിറന്ന ഗോളിലൂടെയായിരുന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് അ​ന്ന​ത്തെ വി​ജ​യം. സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് ക​ളി​ച്ച​ത്. കേ​ര​ള ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ ​ജേഴ്സിയണിഞ്ഞ പാ​പ്പ​ച്ച​ൻ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇന്ത്യയുടെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. നെ​ഹ്റു ട്രോ​ഫി ഫു​ട്ബാ​ളി​ല്‍ ഹം​ഗ​റി​ക്കെ​തി​രെ നേ​ടി​യ ഗോ​ള്‍ ഇ​ന്നും ഫു​ട്ബാ​ൾ ആ​സ്വാ​ദ​ക​ർ​ക്കി​ട​യി​ൽ മ​റ​ക്കാ​നാ​വാ​ത്ത ഒന്നാണ്. 1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിജയ ഗോൾ നേടിയത് പാപ്പച്ചനായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നും പാപ്പച്ചൻ നേടിയ ഗോൾ അവിസ്മരണീയമായ ഗോളായി ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് കേരളം മഹാരഷ്ട്രയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം തവണ സന്തോഷ് ട്രോഫി നേടി.
എട്ടു വർഷം തുടർച്ചയായി സന്തോഷ് ട്രോഫി ടൂർണമെന്റിൽ കളിച്ചു. കാലിക്കറ്റ് നെഹ്റു കപ്പ് ഇൻറർനാഷണൽ ഫുട്ബോൾ ടൂർണമെൻറ്, നെഹ്റു ഗോൾഡ് കപ്പ് ടൂർണമെൻറ്, പ്രീ വേൾഡ് കപ്പ്, ബ്രിസ്റ്റോൾ ഫെഡറേഷൻ കപ്പ്, സൗത്ത് ഏഷ്യൻ ഫെഡറേഷൻ കപ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2017 ൽ നാഗാലാൻഡിൽ നടന്ന ഡി എൻ മല്ലിക് സ്മാരക ഓൾ ഇന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് ടീം മാനേജരും ചീഫ് കോച്ചുമായിരുന്നു.
കേരള പോലീസ് ജൂഡോ ടീമിൻറെ മാനേജർ എന്ന നിലയിൽ ഡൽഹിയിലും കട്ടക്കിലും നടന്ന ഓൾ ഇന്ത്യ പോലീസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൻറെ പ്രകടനത്തിന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞു. മികച്ച ഫുട്ബോളർക്കുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ അവാർഡ്, മികച്ച ഫുട്ബോളർക്കുള്ള സംസ്ഥാന അവാർഡ്, ജി വി രാജ പുരസ്‌കാരം എന്നിവക്ക് അർഹനായി. വി പി സത്യൻ, ഐ എം വിജയൻ, കുരികേശ് മാത്യു, കെ ടി ചാക്കോ, യു ഷറഫലി എന്നിവർക്കൊപ്പം മൈതാനങ്ങളിൽ ആയിരങ്ങളെ ത്രസിപ്പിച്ചു. പഞ്ചാരിമേളത്തിലും പാണ്ടിമേളത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തായമ്പക അഭ്യസിക്കുന്നു.