ലക്ഷദ്വീപിന് ഐക്യദാർഢ്യം : സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും

0
27

 

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

പൂർണപിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രമേയം ഏകകണ്‌ഠേന പാസാകും. ശ്യൂന്യവേളയിൽ ചരമോപചാരത്തിനുശേഷമാകും ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവ് സംസാരിച്ചശേഷം ഭരണപക്ഷ, പ്രതിപക്ഷത്തുനിന്ന് രണ്ടുപേർ വീതം പ്രമേയത്തെ അധികരിച്ച് സംസാരിക്കും.

ശ്രദ്ധക്ഷണിക്കലും ഉപക്ഷേപവും ഇന്നത്തെ നിയമസഭയിൽ ഒഴിവാക്കും. ഈയാഴ്ച ചോദ്യോത്തരവേളയും ഉണ്ടാകില്ല.
ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കമാകും. ഭരണപക്ഷത്ത് നിന്ന് കെ.കെ ശൈലജയാകും ചർച്ച തുടങ്ങിവെക്കുക. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ അംഗം നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നത്.

നയപ്രഖ്യാപനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളിൽ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നന്ദി പ്രമേയ ചർച്ച ബുധനാഴ്ച അവസാനിക്കും.