കേരളത്തില്‍ മൂന്ന് പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

0
30

തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പി.എം കെയര്‍ ഫണ്ടുപയോഗിച്ച്‌ രാജ്യത്ത് പുതിയ 52 പി.എസ്.എ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാന്‍ ഉത്തരവായതായി ടി.എന്‍. പ്രതാപന്‍ എം.പി. കേരളത്തില്‍ മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവായത്. തൃശൂര്‍ ജനറല്‍ ആശുപത്രി, മുവാറ്റുപുഴ ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ല ആശുപത്രി എന്നിവടങ്ങളിലേക്കാണ് പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം കെയര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ നിര്‍വ്വഹണചുമതല. എച്ച്‌.എല്‍.എല്‍ ഇന്‍ഫ്രാടെക് സര്‍വ്വീസസ് ലിമിറ്റഡ് എന്ന നിര്‍വ്വഹണ ഏജന്‍സിയാണ്. ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കേണ്ട സൈറ്റിലെ സിവില്‍ , ഇലക്‌ട്രിക്കല്‍ പ്രവര്‍ത്തികള്‍ ദേശീയ പാത അതോറിറ്റി നിര്‍വഹിക്കും.

പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥലം കണ്ടെത്തി നിര്‍വ്വഹണ ഏജന്‍സിക്ക് കൈമാറേണ്ട ചുമതല സ്സ്ഥാന സര്‍ക്കാരിന്റേതാണ്. 24 മണിക്കൂറും ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിക്കേണ്ടതിനുള്ള പവര്‍ ബാക്കപ്പുള്ള ഡീസല്‍ ജനറേറ്റര്‍ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥലം കണ്ടെത്തി നല്‍കുന്നതിന് ദേശീയപാത അതോറിറ്റി കലക്ടര്‍ക്ക് കത്ത് നല്‍കി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെയ് 31 മുമ്ബായി പ്ലാന്റ് സ്ഥാപിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കപ്പാസിറ്റിയുള്ള പ്ലാന്റാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. പ്ലാന്റില്‍ നിന്നും ഓക്സിജന്‍ പൈപ്പ് ലൈനുകളിലൂടെ വിവിധ വാര്‍ഡുകളിലേക്ക് എത്തുന്ന സംവിധാനമാണ് ഒരുക്കുന്നത്. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ഇത് വഴി ലഭിക്കും.

പി. എം കെയര്‍ ഫണ്ടില്‍ നിന്നും പുതുതായി ഓക്സിജന്‍ പ്ലാന്റ് അനുവദിച്ചപ്പോള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയെ പരിഗണിച്ചതിലും നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പ്ലാന്റ് അനുവദിച്ചതിനും നന്ദി അറിയിച്ച്‌ ടിഎന്‍ പ്രതാപന്‍ എം.പി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.