കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

0
24

 

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ പകരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ കെ വിജയരാഘവൻ പറഞ്ഞു. നിലവിലെ കോവിഡ് വകഭേദങ്ങൾക്ക് വാക്‌സിൻ ഫലപ്രദമാണ്.

പുതിയ വകഭേദങ്ങൾ ലോകമെമ്ബാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങൾ വ്യാപിച്ചേക്കും’അദ്ദേഹം വ്യക്തമാക്കി. നിലവിൽ 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ട്.

ഏഴ് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ കോവിഡ് കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒന്നര ലക്ഷത്തോളം കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ മരണസംഖ്യ വർദ്ധിച്ചു. പുതിയ വകഭേദങ്ങൾ വേഗത്തിൽ മനുഷ്യരിലേക്ക് പടരുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം വൈറസ് മൃഗങ്ങളിലേക്ക് പടരുന്നില്ലെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. മൊത്തം കോവിഡ് കണക്കുകൾ 2,06,65,148 ആയി. 1,69,51,731 പേർ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേർ ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചു