കൊവിഡ് വ്യാപനം : ട്വന്റി-20 ലോകകപ്പും ആശങ്കയിൽ

0
35

കൊവിഡ് വ്യാപനം ശക്തമാകുന്നതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പും ആശങ്കയിൽ. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. കോവിഡ് ഭീതിയിൽ ഐപിഎൽ റദ്ദാക്കിയിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കിൽ ലോകകപ്പ് മാറ്റിയേക്കും.

ഒക്ടോബർ-നവംബർ മാസങ്ങളിൽ കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീതി നിലനിൽക്കുന്നതിനാലാണ് വേദിമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ജൂണിൽ നടക്കുന്ന ഐസിസി യോഗത്തിലാകും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക.

ഇന്ത്യക്ക് ആതിഥേയ പദവി നൽകി യു.എ.ഇ വേദിയാക്കാനും ആലോചനയുണ്ട്. ഇന്ത്യയിൽ ഒമ്പത് വേദികളിലായാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. 16 ടീമുകൾ തമ്മിലാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് ഐപിഎൽ നടന്നത് യു.എ.ഇയിലാണ്. ആ ഐപിഎൽ വിജയകരമായി പൂർത്തിയാക്കാൻ യു.എ.ഇക്ക് കഴിഞ്ഞിരുന്നു. ഇത് യു.എ.ഇയുടെ സാധ്യത വർധിപ്പിക്കുന്നു.