വിദേശ സഹായം സ്വീകരിക്കാൻ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു

0
29

പ്രളയദുരിതത്തിൽ നട്ടംതിരിഞ്ഞ കേരളം വിദേശസഹായം സ്വീകരിക്കരുതെന്ന്‌ ശഠിച്ച കേന്ദ്രം വിദേശ സഹായം സ്വീകരിക്കുന്നതിൽ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം.

റെഡ് ക്രോസ് പോലെയുള്ള സംഘടനകൾ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇങ്ങനെ സഹായം സ്വീകരിച്ചാൽ സർക്കാർ സംവിധാനം വഴി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതിൽ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്.

ഇതനുസരിച്ച് ചൈനയിൽ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയിൽ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം. പ്രളയകാലത്ത് സാങ്കേതികത പറഞ്ഞു വിദേശ സഹായം സ്വീകരിക്കുന്നതിൽ തടസം പറഞ്ഞിരുന്ന കേന്ദ്രമാണിപ്പോൾ നയം മാറ്റിയിരിക്കുന്നത്.

വാക്‌സിനുള്ള അസംസ്‌കൃതവസ്‌തുക്കൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ടാങ്കറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ തുടങ്ങിയവ വിദേശത്തുനിന്ന് ഒഴുകുന്നു. അമേരിക്ക, ഫ്രാൻസ്‌, യുകെ, ജർമനി, ഓസ്‌ട്രേലിയ, ചൈന, ന്യൂസിലൻഡ്‌ തുടങ്ങിയ രാജ്യങ്ങൾ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെ സാധ്യമായ രീതിയിൽ സഹായിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഹോങ്കോങ്‌, സിങ്കപ്പുർ, തായ്‌ലന്റ്‌, യുഎഇ എന്നിവിടങ്ങളിൽനിന്നും സഹായമെത്തുന്നു.

പ്രളയദുരിതങ്ങൾ മറികടക്കാൻ വിദേശസഹായം സ്വീകരിക്കുന്നതിൽനിന്ന്‌ കേരളത്തിനെ കേന്ദ്രം വിലക്കിയിരുന്നു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന്‌ കേരളത്തിന്‌ സഹായവാഗ്‌ദാനം എത്തിയിരുന്നു. എന്നാൽ, വിദേശസഹായം ആവശ്യമില്ലെന്നും വാഗ്‌ദാനങ്ങൾക്ക്‌ നന്ദിയുണ്ടെന്നും അറിയിച്ച്‌ വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയും പുറപ്പെടുവിച്ചു.