കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

0
102

കോവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്ന് കൊവിഡ് കാല പ്രതിസന്ധിയെതുടര്‍ന്ന് സ്വമേധയാ എടുത്ത കേസില്‍ വാദം കേൾക്കവേ സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ‘കൊവിഡില്‍ നിന്ന് രക്ഷനേടാനുള‌ള മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുന്നതാണ്. ഒരു നിശ്ചിത അളവ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ മരുന്ന് കമ്പനികളുമായി ചേര്‍ന്ന് വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. എന്നാല്‍ ചില വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വ്യത്യസ്‌തമായ വില വാക്‌സിന് ഈടാക്കുന്നതായും കേള്‍ക്കുന്നുണ്ട്. മരുന്ന് നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാരാണ് അവസാനവാക്ക്. ഇതൊരു ദേശീയ അടിയന്തരാവസ്ഥാ സാഹചര്യമല്ലെങ്കില്‍ മ‌റ്റെന്താണ്? ഇക്കാര്യങ്ങളില്‍ കേന്ദ്രം എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അതാത് ഹൈക്കോടതികള്‍ക്ക് കഴിയുമെന്ന് കേസ് പരിഗണിക്കവെ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂ‌ഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ കൊവിഡ് പ്രതിസന്ധി കാലത്ത് സുപ്രീംകോടതിയ്‌ക്ക് ഒന്നിലും ഇടപെടാതെ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശനത്തിന് കഷ്‌ടപ്പെടുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ കോടതിയെ അറിയിച്ചു. രാജ്യതലത്തില്‍ മൊത്തമായി കൊവിഡ് രോഗികള്‍ക്ക് ആശുപത്രി പ്രവേശനത്തിന് പ്രത്യേക സംവിധാനം വേണം. അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ ഡല്‍ഹി, ഗുജറാത്ത് ഹൈക്കോടതികളില്‍ കേസ് നിലവിലുണ്ടെന്ന് സോളിസി‌റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഒരേ വാക്‌സിന് മൂന്ന് വില വരുന്ന സാഹചര്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഇവ ഡോസ് ഒന്നിന് 600 രൂപയും ആണ് സിറം ഇന്‍സ്‌റ്റി‌റ്റ്യൂട്ട് നിശ്ചിയിച്ചിരിക്കുന്ന വില. എന്നാല്‍ ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയ്‌ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും കയ‌റ്റുമതി ചെയ്യുന്നതിന് ഡോസിന് 20 ഡോളര്‍ വരെയുമാണ് കമ്ബനീ ഈടാക്കുന്ന വില. ഇത്തരത്തില്‍ മൂന്ന് വില ഈടാക്കുന്ന നയത്തെയാണ് സുപ്രീംകോടതി ഇന്ന് ചോദ്യം ചെയ്‌തത്.