ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഇന്ത്യക്ക് കോവിഷീൽഡ് വാക്സിൻ നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് എത്രയും വേഗം നൽകാമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊവിഷീൽഡിന് ആവശ്യമായ അസംസ്കൃത വസ്തുകളും കോവിഡ് മുൻനിര പോരാളികളുടെ സുരക്ഷയ്ക്കായി പിപിഇ കിറ്റുകൾ, റാപിഡ് കൊവിഡ് ടെസ്റ്റ് ഉപകരണങ്ങൾ, വെൻറിലേറ്റേഴ്സ് എന്നിവ ഇന്ത്യക്ക് നൽകും. യുഎസ് എംബസി, ഇന്ത്യൻ ആരോഗ്യ മന്ത്രാലയം, എപിഡമിക്ക് ഇൻറലിജൻസ് സെർവീസ് സ്റ്റാഫ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ സെൻറർ ഫോർ ഡിസീസ് കൺട്രൾ(സിഡിസി), യുഎസ് എയിഡ് എന്നിവയിൽ നിന്നായി വിദഗ്ധ സംഘത്തെ വിന്യസിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഏഴ് പതിറ്റാണ്ടായി ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ആരോഗ്യരംഗത്തെ പരസ്പര സഹകരണം തുടരുമെന്നും ഇന്ത്യക്ക് ആവശ്യമായ എല്ലാം സഹായങ്ങളും നൽകാൻ ഉണർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സദാ ബന്ധം പുലർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു.