അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

0
105

ആലപ്പുഴ അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന് രാവിലെ പൊലീസിൽ കീഴടങ്ങിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.