ഷാജിയെ ” പ്രത്യേക ” പരിഗണന നൽകി ഒഴിവാക്കി: മാധ്യമങ്ങളുടെ ഇരട്ടനീതി പുറത്ത്

0
33

മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ അരക്കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളുടെ ഇരട്ടനീതി പുറത്ത്.

കേരളത്തിലെ ഒരു മുഖ്യധാര മാധ്യമങ്ങളും കെ എം ഷാജിയുടെ വീട്ടിൽ നിന്നും കള്ളപ്പണം കണ്ടെത്തിയ വിവരം അറിഞ്ഞിട്ടില്ല എന്ന ഭാവത്തിലാണ് ഇരിക്കുന്നത്. ഈ വിഷയവുമായി ബന്ധപെട്ടു മേഘനാഥ്‌ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

”ഇവിടെ പറയാൻ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളുടെ ഇരട്ടനീതിയെ പറ്റിയാണ്. ഒരു ജന പ്രതിനിധിയുടെ വീട്ടിൽ റെയിഡു നടത്തിക്കണ്ടെത്തിയത് അരക്കോടി രൂപയാണ്. പക്ഷെ നമ്മുടെ ചാനലുകളുടെ അന്തി വിചാരണയിൽ ഷാജിയെ ” പ്രത്യേക “പരിഗണന നൽകി ഒഴിവാക്കി ,എന്ന് മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട്‌ ഷാജി നൽകിയ വിശദീകരണം ഭംഗിയായി ഒട്ടും ക്ലിഷ്ടതയില്ലാതെ വിവരിക്കുക ചെയ്തു. ” കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

കെ.എം. ഷാജി MLA അനധികൃതമായി വല്ലതുമൊക്കെ സമ്പാദിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെയുള്ള കാര്യം ഇവിടത്തെ നിയമ വ്യവസ്ഥ കണ്ടെത്തട്ടെ.അയാൾ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ , ഇല്ലെങ്കിൽ പല്ലു കൊഴിയും വരെ ജനത്തെ സേവിക്കട്ടെ.ഇവിടെ പറയാൻ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളുടെ ഇരട്ടനീതിയെ പറ്റിയാണ്.
ഒരു ജന പ്രതിനിധിയുടെ വീട്ടിൽ റെയിഡു നടത്തിക്കണ്ടെത്തിയത് അരക്കോടി രൂപയാണ്.

പക്ഷെ നമ്മുടെ ചാനലുകളുടെ അന്തി വിചാരണയിൽ ഷാജിയെ ” പ്രത്യേക “പരിഗണന നൽകി ഒഴിവാക്കി ,എന്ന് മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട്‌ ഷാജി നൽകിയ വിശദീകരണം ഭംഗിയായി ഒട്ടും ക്ലിഷ്ടതയില്ലാതെ വിവരിക്കുക ചെയ്തു. നല്ല സമീപനം . ഒരു ചാനൽ സ്നേഹിതനോട് ആരാഞ്ഞപ്പോൾ ” ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധിയെ കുറിച്ചായതു കൊണ്ട് ഒരു വ്യക്തത വരുത്തിയിട്ടാവാം ” എന്ന് കരുതിയത്രെ. വളരെ നല്ലത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമൊന്നും ഈ ആനുകൂല്യം ലഭിച്ചില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അക്കാര്യം പിന്നീട് പറയാമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

നാമാരും ഓമനക്കുട്ടനെ മറക്കില്ല. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്നതിന് 70 രൂപ ഓട്ടോക്കൂലി ക്യാമ്പംഗങ്ങളിൽ നിന്ന് പരിച്ചതിനു ഇതേ മാദ്ധ്യമങ്ങൾ തട്ടിപ്പുകാരനാക്കിയ പാവം. രണ്ടു ദിവസത്തെ അന്തിച്ചർച്ച , സ്വന്തമായി ടി വി ഇല്ലാത്തതു കൊണ്ട് അദ്ദേഹം കേട്ടില്ല . കേട്ടിരുന്നെങ്കിൽ ഒരു പക്ഷെ ആത്മഹത്യ ചെയ്യുമായിരുന്നു.
ഇതേ ചാനലുകളാണ് ഷാജിയ്ക്ക് ജാമ്യം നൽകുന്നത്. അയാൾ പറയുന്നത് ഒരു ബന്ധുവിൻ്റെ ഭൂമി ഇടപാടിനുള്ള പണം വീട്ടിൽ സൂക്ഷിച്ചെന്നേയുള്ളൂ. 24 മണിക്കൂറിനകം രേഖകൾ ഹാജരാക്കാമെന്നാണ്.

ഷാജി പറഞ്ഞതു മുഖവിലക്കെടുത്താൽ തന്നെ 50 ലക്ഷം എങ്ങനയാ പണമായി കൈമാറുക . രണ്ട് ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക് മുഖേനയേ നടത്താവൂ എന്ന് നിയമമുള്ള രാജ്യത്ത് , 50 ലക്ഷം പണമിടപാടിന് സഹായം നൽകുന്നത് തന്നെ കുറ്റമല്ലേ? എന്തേ അക്കാര്യം പോലും മാദ്ധ്യമങ്ങൾ
ചോദിക്കാത്തത്. ഷാജിയുടെ അരക്കോടി ഓമനക്കുട്ടൻ്റെ 70 രൂപയേക്കാൾ വലുതാണോ? അതോ ഷാജി വിശുദ്ധ പശുവാണോ?’ 50 ലക്ഷത്തിൻ്റെ വിശദാംശം ഹാജരാക്കാൻ എന്തിനാണ് 24 മണിക്കുർ.

പരിശോധന നടക്കുമ്പോൾ തന്നെ അതു കാണിച്ചാൽ പോരായിരുന്നോ?സാമാന്യബുദ്ധിയുള്ളവർക്ക് ചോദിക്കാൻ നിരവധി ചോദ്യങ്ങളുണ്ട്. പക്ഷെ അസാമാന്യ ബുദ്ധിയുള്ള മാദ്ധ്യമങ്ങൾക്ക് അത്തരം സംശയമൊന്നുമില്ല. കാരണം പണം കണ്ടെടുത്തത് ഒരു ഓമനക്കുട്ടൻ്റേയോ ബ്രാഞ്ച് സെക്രട്ടറിയുടെയോ വീട്ടിൽ നിന്നല്ലല്ലോ?