കോവിഡ് ഭീതി : ടോക്യോ ഒളിമ്പിക്‌സിനില്ലെന്ന്‌ ഉത്തര കൊറിയ

0
46

ടോക്യോ ഒളിമ്പിക്‌സിനില്ലെന്ന്‌ ഉത്തര കൊറിയ പ്രഖ്യാപിച്ചു. കോവിഡ്‌ പടരുന്ന സാഹചര്യത്തിലാണ്‌ പിന്മാറ്റം. വൈറസ്‌‌ ഭീഷണിയെത്തുടർന്ന്‌ ഒരു രാജ്യം പിന്മാറുന്നത്‌ ആദ്യമാണ്‌. ഒളിമ്പിക്‌സ്‌ ജൂലൈ 23 മുതൽ ആഗസ്‌ത്‌ എട്ടുവരെയാണ്‌.

കായികതാരങ്ങളുടെ ആരോഗ്യം പ്രധാനമാണെന്നാണ്‌ ഉത്തരകൊറിയ കായികമന്ത്രാലയത്തിന്റെ പ്രതികരണം. രാജ്യത്തെ ഒളിമ്പിക്‌സ്‌ കമ്മിറ്റി യോഗം ചേർന്നാണ്‌ നിർണായക തീരുമാനം എടുത്തത്‌. ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ ജാപ്പനീസ്‌ സംഘാടകസമിതിയോ ഒളിമ്പിക്‌സ്‌ രാജ്യാന്തര കമ്മിറ്റിയോ തയ്യാറായിട്ടില്ല.

1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽനിന്നും ഉത്തര കൊറിയ പിന്മാറിയിരുന്നു. ഇതിനുമുമ്പ്‌ പതിനൊന്ന്‌ ഒളിമ്പിക്‌സുകളിൽ ഉത്തര കൊറിയയുടെ സാന്നിധ്യമുണ്ടായിരുന്നു. കളിഞ്ഞതവണ റിയോ ഡി ജനിറോയിൽ 31 അംഗ ടീമിനെയാണ്‌ അണിനിരത്തിയത്‌. രണ്ടു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായാണ്‌ മടങ്ങിയത്‌.

ഉത്തരകൊറിയയുടെ പിന്മാറ്റത്തോടെ ഒളിമ്പിക്‌സിനുള്ള കോവിഡ്‌ ഭീഷണി വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്‌സ്‌ കോവിഡിനെ ത്തുടർന്ന്‌ ഈ വർഷത്തേക്ക്‌ മാറ്റിയതാണ്‌. എന്നാൽ, മഹാമാരിയുടെ ഭീഷണി ഒഴിയാതെ നിൽക്കുന്നു. ജപ്പാനിൽ കോവിഡ്‌ പടരുന്നത്‌ ആശങ്ക ഉയർത്തിയിട്ടുണ്ട്‌.

ഒളിമ്പിക്‌സ്‌ നടത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ്‌ സംഘാടകർ. കാണികളില്ലാതെ ഒളിമ്പിക്‌സ്‌ നടത്തേണ്ടിവരുമോയെന്ന സംശയവുമുണ്ട്‌. നിശ്‌ചിതസമയത്ത്‌ നടത്താനായില്ലെങ്കിൽ ഇനി മാറ്റിവയ്‌ക്കലില്ല, റദ്ദാക്കലാണെന്ന്‌‌ രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്‌.