നാലാം മണിക്കൂറിൽ പോളിഗ് 30 ശതമാനം കടന്നു ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

0
36

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് മണിക്കൂറിൽ സംസ്ഥാനത്ത് 30.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി പിന്നിടുമ്പോൾ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്നതിനാല്‍ പരാവധി ആയിരം പേര്‍ വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക. കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആണ് ഇത്. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

മാവോയിസ്റ്റ് ഭീഷണി തുടരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണി വരെ മാത്രമായിരിക്കും വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 59,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.