കത്വ-ഉന്നാവോ ഫണ്ട് വിഷയത്തിൽ യൂത്ത്‌ ലീഗ്‌ വാദം പൊളിഞ്ഞു , ബാങ്കിലെത്തിയത്‌ 69 ലക്ഷം

0
97

ആദ്യ കത്വ-ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ 39 ലക്ഷം രൂപമാത്രമാണ് പിരിച്ചതെന്ന യൂത്ത് ലീഗ് വാദം പൊളിഞ്ഞു. ഫണ്ട് സമാഹരണത്തിന്‌ പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിൽ 69 ലക്ഷത്തിലേറെ രൂപയെത്തിയതായി രേഖകൾ പുറത്തുവന്നു. ഇതോടെ ലക്ഷങ്ങളുടെ വെട്ടിപ്പ് വ്യക്തം.

യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. ഒരുകോടിയിലേറെ രൂപ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും താനൂർ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയുമായ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ വെട്ടിച്ചു എന്നായിരുന്നു ആരോപണം. അത് ശരിയാണെന്ന് ബാങ്ക് രേഖ തെളിയിക്കുന്നു. പള്ളികളിൽനിന്ന് പിരിച്ച തുക ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല. ഇത് 39 ലക്ഷത്തിന് മുകളിൽ വരുമെന്നാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.

അക്കൗണ്ടിൽ കൂടുതൽ പണമെത്തിയതായി രേഖകളിൽ വ്യക്തമായതോടെ അവശേഷിക്കുന്ന തുക എവിടെ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരും. പണം പിൻവലിച്ചതിലും ദുരൂഹതകളേറെയാണ്. 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചുവെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. അഞ്ചുലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകിയെന്നും വ്യക്തമാക്കി. എന്നാൽ, ഇതിൽ കൂടുതൽ തുക അക്കൗണ്ടിൽനിന്ന്‌ നിരവധി തവണ പിൻവലിച്ചതായി രേഖയിൽനിന്ന്‌ മനസ്സിലാക്കാം. ഇത് ആര്? എന്തിനുവേണ്ടി എന്ന ചോദ്യവും ഉയരുന്നു.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ പി കെ ഫിറോസിനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്വ-ഉന്നാവോ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകാൻ ഏകദിന ഫണ്ട് സമാഹരണം നടത്താൻ 2018 ഏപ്രിൽ 19, 20 തീയതികളിൽ പത്രത്തിൽ പരസ്യം നൽകി പണം പിരിച്ചു. കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരുകോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ പി കെ ഫിറോസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ്‌ കേസ്‌.