ജോർദാൻ മുൻ കിരീടാവകാശി വീട്ടുതടങ്കലിൽ

0
20

ജോർദാൻ മുൻ കിരീടാവകാശി വീട്ടുതടങ്കലിലെന്നു റിപ്പോർട്ട്.ജോർദാൻ ഭരണകൂടത്തിനും അബ്ദുല്ല രണ്ടാമൻ രാജാവിനുമെതിരെ അർധസഹോദരനും മുൻ കിരീടാവകാശിയുമായ ഹംസ രാജകുമാരൻ രംഗത്തെത്തിയിരുന്നു. ഭരണകൂടത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ച‌ തന്നെ വീട്ടുതടങ്കലിലാക്കി എന്നാണ്‌ ഇദ്ദേഹം പറഞ്ഞത്‌.

ശനിയാഴ്‌ച ബിബിസിയിലൂടെയാണ്‌‌ ശബ്‌ദ സന്ദേശം‌ ഹംസ പുറത്തുവിട്ടത്‌‌‌. ശനിയാഴ്‌ച പുലർച്ചെമുതൽ സൈനിക മേധാവി തന്നെ ബന്ധിയാക്കിയെന്നും ആളുകളുമായി ആശയവിനിമയം നടത്താൻ അനുവദിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നു.‌

ഫോണും ഇന്റർനെറ്റ് സേവനവും ഒഴിവാക്കിയെന്നും സാറ്റലൈറ്റ് ഫോണിലൂടെയാണ്‌ താൻ സംസാരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു‌. ഭരണകുടുംബത്തിലെ ഒരു മുതിർന്ന അംഗം സർക്കാരിനെതിരെ രംഗത്തുവരുന്നത്‌ അപൂർവമായ സംഭവമാണ്‌. എന്നാൽ, അമേരിക്കയടക്കം ജോർദാന്റെ സഖ്യകക്ഷി രാജ്യങ്ങളെല്ലാം ഞായറാഴ്ച അബ്ദുല്ല രണ്ടാമൻ രാജാവിന് പിന്തുണയറിയിച്ചു.‌

അബ്ദുല്ലയ്‌ക്ക്‌ ബാഹ്യ പിന്തുണ പ്രഖ്യപിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അറബ് രാജ്യങ്ങളും രാജാവിനെയും സർക്കാരിനെയും പിന്തുണച്ച് ഉടൻ പ്രസ്താവനയിറക്കി.