നുണ പറയൽ മല്‍സരം : യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍

0
74

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ്ങ് സുര്‍ജ്ജെവാലയുടെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇറക്കിയ പോസ്റ്റില്‍ ഒരു വമ്പന്‍ നുണ കറങ്ങി നടക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാര്‍ അദാനിക്ക് 8785 കോടി രൂപയുടെ വൈദ്യുതി കരാര്‍ നല്‍കിയെന്നും അത് വിപണിവിലയേക്കാള്‍ 2000 കോടി രൂപ അധികം നല്‍കിയാണ് എന്നുമാണത്.

നുണപറയുമ്പോള്‍ ഏത് സംഖ്യയും പറയാമെങ്കിലും 8785 എന്നൊക്കെ കിറുകൃത്യം പറയുമ്പോള്‍ ആരെങ്കിലും വിശ്വസിച്ചുകൊള്ളും എന്നായിരിക്കും വിചാരിച്ചിട്ടുണ്ടാകുക. പക്ഷേ ഇത്തരം അഭ്യാസമൊന്നും അറിയാത്തവരല്ലല്ലോ കേരളീയര്‍. അവരെ അങ്ങിനെ പറ്റിക്കാന്‍ പറ്റുമോ.

കേരളത്തില്‍ നമ്മുടെ ആവശ്യകതയുടെ 30ശതമാനത്തോളം വൈദ്യുതിമാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അതിനാല്‍ ആവശ്യകതയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നതാണ്. തികച്ചും സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെ കുറഞ്ഞ നിരക്ക് ഉറപ്പുവരുത്തി ഏര്‍പ്പെടുന്ന വിവിധ വൈദ്യുതി വാങ്ങല്‍ക്കരാറുകള്‍ മുഖാന്തിരമാണ് കെ.എസ്.ഇ.ബി.

കഴിഞ്ഞ അഞ്ചുവര്‍ഷവും വൈദ്യുതി വാങ്ങിയിട്ടുള്ളത്. കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടിട്ടുള്ള എല്ലാ ദീര്‍ഘകാല വൈദ്യുതിക്കരാറുകളുടേയും വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ആര്‍ക്കും കാണാവുന്നതാണ്. മേല്‍പ്പറഞ്ഞ നിലയിലുള്ള ഒരു കരാറിലും കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടിട്ടില്ല എന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ്.

ഇതൊക്കെ ആരോടാണ് വിശദീകരിക്കുന്നത്? തുടര്‍ഭരണം ഉറപ്പായെന്ന് മനസ്സിലായി സമനില തെറ്റിയ യു.ഡി.എഫുകാരോടോ? ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അതായല്ലോ എന്ന സ്ഥിരം നുണയന്‍മാരുടെ മനോഭാവത്തിലാണ് അവരിപ്പോള്‍ ഉള്ളത്. ഇനിയും ഇത്തരത്തില്‍ പലതുമായി അവര്‍ രംഗത്തു വരും. ഇക്കാര്യത്തില്‍ അവര്‍ക്ക് മാതൃക ബി.ജെ.പി. തന്നെയാണ്. ജനങ്ങള്‍ ജാഗ്രത പാലിച്ചേ പറ്റൂ.