വികസന ചർച്ചയ്ക്ക് മേൽക്കൈ ; വിവാദ വ്യവസായം പിന്നാമ്പുറത്തേക്ക്

0
78

– കെ വി –

നാടിന്റെയും ജനങ്ങളുടെയും ഭാവിയും വികസന പ്രശ്നങ്ങളുമാണ് ഏത് തെരഞ്ഞെടുപ്പിലും മുഖ്യമായി ചർച്ച ചെയ്യപ്പെടേണ്ടത്. ഏത് മുന്നണിയായാലും പ്രകടന പത്രികകളിൽ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾക്കും പദ്ധതികൾക്കും ഊന്നൽ നൽകുകയും വേണം.

പക്ഷേ, ഇപ്രാവശ്യം വികസന വിഷയങ്ങൾ കരുതിക്കൂട്ടി പ്രചാരണത്തിൽനിന്ന് അകറ്റിനിർത്തുകയാണ് യു ഡി എഫും ബി ജെ പിയും. അഞ്ചുകൊല്ലമായി ജനങ്ങൾ അനുഭവിച്ചറിയുന്ന ഭരണനേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തീരെ ഏശാതായതോടെയാണ് ഈ മറുതന്ത്രം .

മാത്രമല്ല, അന്ധമായ രാഷ്ട്രീയവിരോധത്തോടെ മെനഞ്ഞെടുത്ത വിവാദങ്ങളിൽ ആളുകളെ വീഴ്ത്താമെന്ന വ്യാമോഹവും കൈയൊഴിയാൻ കോ- ലീ- ബി കക്ഷികൾ നിർബന്ധിതമാവുകയാണ്.വിവാദങ്ങൾക്ക് പിറകെപ്പോവാതെ സർക്കാർ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും എണ്ണിനിരത്തിയാണ് എൽ ഡി എഫ് പ്രവർത്തകർ വോട്ടർമാരെ സമീപിക്കുന്നത്.

ജനജീവിതം പകച്ചുനിന്നുപോയ പിന്നിട്ട പ്രതിസന്ധിയുടെ നാളുകളിൽ സർക്കാർ എങ്ങനെ അവർക്ക് തുണയായി എന്നതിനു തന്നെയാണ് വിശദീകരണങ്ങളിൽ മുൻതൂക്കം . പ്രതിപക്ഷ കക്ഷികളുടെ കള്ളക്കഥകളിലും പ്രകോപനശ്രമങ്ങളിലും കുടുങ്ങാതിരിക്കാൻ നല്ല ജാഗ്രത പുലർത്തുന്നു എന്നതും ശ്രദ്ധേയം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃശേഷിയിലും ഓരോ വകുപ്പിലും ചെയ്ത കാര്യങ്ങളിലും കക്ഷിരാഷ്ടീയത്തിനതീതമായ മതിപ്പ് പൊതുവെയുണ്ട്. ഭരണത്തിനെതിരായ നിഷേധവോട്ട് എന്ന പതിവുഘടകം എവിടെയും പ്രകടമാവുന്നേയില്ല. ഇതോടൊപ്പം, പല പ്രദേശങ്ങളിലും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജിവെച്ച് എൽ ഡി എഫിലേക്ക് വന്ന അനുകൂല സാഹചര്യവുമുണ്ട്.

കോൺഗ്രസ്സിന്റെ ദേശീയവക്താവും മുൻ എം പി യുമായ പി സി ചാക്കോ , സംസ്ഥാന നേതാക്കളായ കെ സി റോസക്കുട്ടി ടീച്ചർ, അഡ്വ. പി എം സുരേഷ് ബാബു തുടങ്ങിയവർ പ്രചാരണ രംഗത്തിറങ്ങിയതും ഇടതുപക്ഷത്ത് ഉഷാറുപകർന്നു.
തദ്ദേശ ഭരണ സമിതി തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയവും എൽ ഡി എഫിന് ഭരണത്തുടർച്ച ഉറപ്പാക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നരമാസത്തിനിടയ്ക്ക് അതിന് മങ്ങലേല്പിക്കുന്ന ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. 2020 ഡിസംബർ രണ്ടാം വാരത്തിൽ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടുനിലയനുസരിച്ച് 99 നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് മുന്നിലാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഏറ്റവും വലിയ മെച്ചം ഭരണതലത്തിൽ അഴിമതി അകറ്റി നിർത്തി എന്നതാണ്. അതോടൊപ്പം, പാലാരിവട്ടം പാലം പ്രവൃത്തിയിലെ തീവെട്ടിക്കൊള്ളയടക്കം മുൻ ഭരണകാലത്തെ അഴിമതിക്കെതിരെ ചുമത്തിയ കേസുകളും ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെയും മറ്റും അറസ്റ്റും വലിയ മതിപ്പുളവാക്കി.

ബാർ ലൈസൻസ് ഫീ വർധനയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കോഴ കൈപ്പറ്റിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിക്കൂട്ടിലാണ്. കൂടാതെ, പ്രളയദുരിത നാളുകളിലെ നിസ്സംഗ സമീപനവും കോവിഡ് കാലത്തെ അക്രമസമരങ്ങളും സൃഷ്ടിച്ച ജനരോഷം യു ഡി എഫിനെ വല്ലാതെ പ്രതിരോധത്തിലാക്കി.

ദേശീയ രാഷ്ടീയ നയത്തിന് വിരുദ്ധമായി ഇവിടെ ബി ജെ പി യുമായി കോൺഗ്രസ് ഒത്തുകളിക്കുന്നത് മത ന്യൂനപക്ഷങ്ങളിൽ സംശയം വളർത്തുകയുമാണ്.
തലശ്ശേരി, ഗുരുവായൂർ, ദേവീകുളം എന്നീ മണ്ഡലങ്ങളിൽ ബി ജെ പി ക്ക് സ്ഥാനാർത്ഥികളില്ലാതായതിനെ തുടർന്നുണ്ടാക്കിയ രഹസ്യസഖ്യവും യു ഡി എഫിന് ദോഷം ചെയ്യുമെന്നാണ് സൂചന.

ജമാഅത്തെ ഇസ്ലാമിയുടെ കീഴിലെ വെൽഫേർ പാർട്ടി, എസ് ഡി പി ഐ മുതലായ വർഗീയ പാർട്ടികളുമായുണ്ടാക്കിയ കൂട്ടുകെട്ടും കോൺഗ്രസ്സിന്റെ മതനിരപേക്ഷ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചിരിക്കയാണ്.ഭരണരംഗത്തെ മാതൃകാപരമായ ഒട്ടേറെ സംഭാവനകൾ എൽ ഡി എഫിന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ ചൂണ്ടിക്കാട്ടാനുണ്ട്. സർക്കാരിന്റെ കണ്ണ് പതിയാത്ത, പരിഹാരം തേടാത്ത ഏതെങ്കിലും പ്രശ്നമോ ഇടമോ പൊതുസമൂഹത്തിന്റെ ഒരു തലത്തിലുമില്ല.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും രൂക്ഷമായ പ്രളയം പെയ്ത വിവരണാതീതമായ കെടുതികളെ എന്തെല്ലാം സന്നാഹത്തോടെയും സ്ഥൈര്യത്തോടെയുമാണ് നാം അതിജീവിച്ചത്… ലോകമാകെ വിറങ്ങലിച്ചുപോയ കൊറോണ ബാധിത നാളുകളിൽ എത്ര സാഹസികവും ഭാവനാപൂർണവുമായ പ്രതിരോധ – സുരക്ഷാ പ്രവർത്തനങ്ങളിലൂടെയാണ് കേരളം മറുനാടുകളെയൊക്കെ അതിശയിപ്പിച്ചത്… ഇക്കാര്യത്തിൽ ഇന്ത്യക്കെന്നല്ല മുഴുവൻ രാജ്യങ്ങൾക്കും വഴികാട്ടി ലോകാരോഗ്യ സംഘടനയുടെവരെ പ്രശംസ നേടാൻ ഈ കൊച്ചുസംസ്ഥാനത്തിന് സാധിച്ചത് എത്രയേറെ അഭിമാനകരമാണ്.

അതിനിടയിലും, കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് നടപ്പാക്കിവരുന്ന ജനക്ഷേമ പദ്ധതികളെത്ര … അന്തിയുറങ്ങാൻ സ്വന്തമായൊരിടമില്ലാത്ത രണ്ടരലക്ഷത്തിലേറെ ദരിദ്രകുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമാക്കിയ ലൈഫ്, പാവപ്പെട്ടവരുടെ മക്കൾക്കും ഹൈടെക് പഠനാവസരങ്ങൾ ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഓൺ ലൈൻ ക്ലാസുകളിലേക്കുള്ള കുതിച്ചുചാട്ടമായ ഫസ്റ്റ് ബെൽ, ആരോഗ്യ മേഖലയെ അടിമുടി നവീകരിച്ച് സൗജന്യ ചികിൽസാ സംവിധാനം പരമാവധി വിപുലീകരിച്ച ആർദ്രം; കൂടാതെ, കാർഷിക മേഖലയെ സമ്പൂർണ സമൃദ്ധിയിലേക്ക് നയിക്കുന്ന സുഭിക്ഷ കേരളം , ആരോഗ്യകരമായ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത കേരളം, ലഹരിവർജനത്തിനുള്ള ക്രിയാത്മക പരിപാടികളുമായി വിമുക്തി.

നാടിന്റെ അടിസ്ഥാന വികസന മേഖലകളിലെല്ലാം സമാനതകളില്ലാത്ത പുരോഗതിയാണ് ഈ ഭരണകാലയളവിൽ ഉണ്ടായത് എന്ന് ആർക്കാണറിയാത്തത്… എത്രയോ കൊല്ലങ്ങളായി മുടങ്ങിക്കിടന്ന എത്രയെത്ര പദ്ധതികളാണ് ഈയടുത്ത് സഫലമായതും സജീവമായതും… ദേശീയപാത വീതി കൂട്ടൽ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കൽ, ജലഗതാഗമാർഗ വികസനം ഒന്നാം ഘട്ടം, മലയോര ഹൈവേ, തീരദേശ ദീർഘദൂരപാത , രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി, നെൽകൃഷിക്കാർക്ക് സഹായധനം, 20 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപനം എന്നിവ പ്രത്യേകം എടുത്തുപറയത്തക്കതാണ്.

വയനാട്ടിലേക്കുള്ള തുരങ്കപാത നിർമ്മാണത്തുടക്കം , വയനാട് മെഡിക്കൽ കോളേജ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, ഡിജിറ്റൽ യൂനിവേഴ്സിറ്റി, ടോറസ് ഡൗൺ ടൗൺ ടെക്നോ പാർക്ക്, കെ – ഫോൺ ഇന്റർനെറ്റ് വ്യാപനം മുതലായ ഒട്ടേറെ ദീർഘകാല പ്രയോജന പദ്ധതികൾ വേറെയുമുണ്ട്. ഈ സർക്കാരിന്റെ മിന്നുന്ന നേട്ടങ്ങളായി ഇവ എന്നും എണ്ണപ്പെടുമെന്നു തീർച്ച.

സാമൂഹ്യക്ഷേമരംഗത്ത് മാസത്തിൽ 1400 രൂപ (ഇപ്പോൾ 1600) വീതം മുടങ്ങാതെ പെൻഷൻ , പഞ്ഞമാസങ്ങളിൽ വരുമാനപരിധി നോക്കാതെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് എന്നിവ നൽകിയ ആശ്വാസം ചെറുതല്ല. കോവിഡ് ലോക്കൗട്ട് വേളയിൽ അതിഥിത്തൊഴിലാളികൾക്കും അഗതികൾക്കും വേണ്ടി പ്രാദേശിക തലത്തിൽ തുറന്ന സമൂഹ അടുക്കള മഹനീയ ജീവകാരുണ്യ സംരംഭമായി. അതിന്റെ അനുബന്ധമായി പിന്നീട് തുടങ്ങിയ 20 രൂപയ്ക്ക് ഊൺ ലഭിക്കുന്ന ജനകീയ ഹോട്ടലുകളും സാധാരണക്കാർക്ക് വലിയ തുണയാണ്.

ഭരണനേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികളുടെയും യാഥാസ്ഥിതിക പിന്തിരിപ്പൻ മാധ്യമങ്ങളുടെയും കുത്തിത്തിരിപ്പുകൾ തുറന്നുകാട്ടിയാണ് എൽ ഡി എഫ് പ്രചാരണം മുറുകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു വേളയിലേ ജനങ്ങൾ തള്ളിയ മുനതേഞ്ഞ ആരോപണങ്ങളാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്. അതൊന്നും എവിടെയും കാറ്റുപിടിക്കുന്നില്ല.
തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ജില്ലാ പഞ്ചായത്തുകളിൽ 14 ൽ പത്തും നേടിയിരുന്നു. രണ്ടിടത്ത് തുല്യനിലയിലുമെത്തി. രണ്ട് ജില്ലയിലേ യു ഡി എഫിന് ഭൂരിപക്ഷമുള്ളൂ. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 105 – ഉം ഇടത് ഭരണത്തിലാണ്. 941 ഗ്രാമപഞ്ചായത്തുകളിൽ 371 ലും അധികാരത്തിലെത്തി. യു ഡി എ എഫ് 211ഇടത്തേ ജയിച്ചുള്ളൂ.

349 പഞ്ചായത്തുകളിൽ തുല്യസീറ്റുകളാണ്. ബി ജെ പി ജയിച്ചതാകട്ടെ രണ്ടിടത്തും. ആറ് കോർപ്പറേഷനുകളിൽ നാല് എൽ ഡി എഫ് പിടിച്ചു – തിരുവനന്തപുരം, കൊല്ലം , എറണാകുളം, കോഴിക്കോട് എന്നിവ. തൃശൂരിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. കണ്ണൂരേ യു ഡി എഫിന് കിട്ടിയുള്ളൂ. 86 നഗരസഭകളിൽ ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. ഇതേ ജനപിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിലും എൽ ഡി എഫ് നിലനിർത്തുമെന്നുറപ്പാണ്.