– കെ വി –
നശീകരണരാഷ്ട്രീയത്തിന്റെ ആൾരൂപമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യപ്പറ്റില്ലായ്മയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പിശാചിന്റെ പച്ചച്ചിരികൊണ്ട് മനസ്സിലെ കാപട്യങ്ങൾ മറച്ചുവെക്കാനാവില്ല.
അധികാരഭ്രാന്ത് തലയ്ക്കു പിടിച്ചാൽ ചിലർ എന്തും ചെയ്യുമെന്നതിന് ഉത്തമോദാഹരണമാണ് ചെന്നിത്തലയുടെ നിലമറന്നുള്ള ജൽപ്പനങ്ങളും ഗൂഢനീക്കങ്ങളും. മഹാമാരി പിടിവിടാത്ത ഈ ദുരിതകാലത്ത് സാധാരണക്കാരുടെ അന്നം മുടക്കാനും കുട്ടികളുടെ കഞ്ഞിയിൽ മണ്ണുവാരിയിടാനും മറ്റാരെങ്കിലും ശ്രമിക്കുമോ.
ക്ഷേമപെൻഷനും ഭക്ഷ്യക്കിറ്റുകളും വിതരണം നടത്തുന്നത് തടയാൻ മിനക്കെടുമോ … പ്രളയപ്പെയ്ത്തിലും കോവിഡ് പ്രതിരോധ കാര്യങ്ങളിലുമടക്കം പ്രതിപക്ഷ നേതാവ് പുലർത്തിപ്പോന്ന നിസ്സംഗതയും പ്രതിലോമ സമീപനവും പൊറുത്തുകൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ .
രാഷ്ടീയത്തിലെ ധാർമികതയ്ക്ക് അള്ളു വെച്ച പ്രതിപക്ഷ നേതാവിന്റെ കുതന്ത്രങ്ങൾക്ക് ഹൈക്കോടതിൽനിന്നുവരെ പ്രഹരമേറ്റിരിക്കയാണ്. എന്നാലും വിവാദങ്ങളുടെ തോഴനായി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള അടവുകൾ ചെന്നിത്തല തുടർന്നുകൊണ്ടേയിരിക്കും.
നീല – വെളള റേഷൻ കാർഡുകാർക്ക് സൗജന്യനിരക്കിലുള്ള അരി വിതരണം തടയാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തുനിഞ്ഞത് ചെന്നിത്തലയുടെ പരാതി കേട്ടായിരുന്നു. സർക്കാർ അത് കോടതിയിൽ ചോദ്യം ചെയ്തതിനാലാണ് വിലക്ക് നീക്കിക്കിട്ടിയത്. വോട്ടർപ്പട്ടികയിൽ യാദൃഛികമായി വന്ന പിഴവുകളെ പെരുപ്പിച്ചുകാട്ടി ഉന്നയിച്ച ആരോപണങ്ങളും ചെന്നിത്തലയെ തിരിഞ്ഞുകുത്തുകയാണ്.
മലർന്നുകിടന്ന് മേല്പോട്ട് തുപ്പുന്നതിന് തുല്യമായി അത്. എന്നാൽ, അതൊന്നും ചെന്നിത്തലയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതിക്കൂടാ. എത്ര ചീറ്റിപ്പോയാലും പുതിയ നുണബോമ്പുകൾ പരതുക എന്നത് അയാൾക്ക് ശീലമായിരിക്കുന്നു. അതിന് ഒത്താശ ചെയ്ത് കൂടെനിൽക്കാൻ ചില മാധ്യമങ്ങൾക്ക് മടിയില്ലതാനും.
എന്ത് അബദ്ധങ്ങൾ പറഞ്ഞാലും ആരോപണങ്ങൾ എത്ര തിരിച്ചടിച്ചാലും ഒട്ടും ജാള്യമില്ലാത്ത നേതാവാണ് ചെന്നിത്തല. കോവിഡ് പ്രതിരോധത്തിന് അമേരിക്കയിലെ മിറ്റിഗേഷൻ മെത്തേഡ് മതി എന്ന വങ്കത്തരം പോലെ ഒട്ടനവധി കണ്ടുപിടുത്തങ്ങളുണ്ട് അദ്ദേഹത്തിന്റെ വക. “ഉസ്മാൻ വിളി “എന്ന പ്രയോഗം മലയാളികൾക്ക് എന്നെന്നേക്കുമായി സംഭാവന ചെയ്തത് നിസ്സാരമാണോ .
പ്രവാസികളായ ഇന്ത്യക്കാർക്ക് മണലാരണ്യങ്ങളിൽനിന്ന് മടങ്ങാനുള്ള വിമാനങ്ങൾ കോവിഡ് സാഹചര്യത്തിൽ സുലഭമാക്കിയ ആ ഫോൺ കാൾ ആർക്കാണ് മറക്കാനാവുക.
ഒടുവിലത്തെ വ്യാജ വോട്ടർ പട്ടികയുടെ ആക്ഷേപംതന്നെ മതി ചെന്നിത്തലയുടെ നിലവാരമറിയാൻ. സി പി എമ്മുകാർ സംഘടിതമായി കള്ള വോട്ട് ചേർത്തതാണ് എന്നായിരുന്നു ആദ്യം കുറ്റപ്പെടുത്തൽ. കോവിഡ് കാലത്ത് ഓൺ ലൈനിൽ പട്ടിക തയ്യാറാക്കിയപ്പോൾ വന്നുപോയ പിഴവാണെന്നും തിരുത്താവുന്നത്രയേ ഉള്ളൂവെന്നും അധികൃതർ വ്യക്തമാക്കിയെങ്കിലും അതൊന്നും അംഗീകരിച്ചില്ല.
എന്നാൽ , പിന്നീട് തെളിഞ്ഞതെന്താ – സ്വന്തം മാതാവ് ദേവകിയമ്മ മുതൽ കോൺഗ്രസ്സിലെ ആറു സ്ഥാനാർത്ഥികളും ദേശീയ ഡിജിറ്റൽ മാധ്യമ സെൽ ചുമതലക്കാരിയും വരെ ഇക്കൂട്ടത്തിലുണ്ടെന്ന് … പിന്നെ വീണിടത്ത് കിടന്നുരുളലായി. ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയുടെ ഫലമാണിത് എന്നാണ് പുതിയ വിശദീകരണം…! ശ്ശോ… ള്ളുപ്പില്ലായ്മക്ക് കണ്ണും കാതും മൂക്കും നാവും വെച്ചാലുള്ള അവസ്ഥ.
പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിച്ച ആരോപണങ്ങളൊന്നും ഇതേവരെ കാറ്റുപിടിച്ചിട്ടില്ല. കോൺഗ്രസ്സിലെതന്നെ മറ്റു നേതാക്കൾ മിക്കവരും അവ അവഗണിക്കുകയാണ് പതിവ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേ പിന്തുണയുമായി ചാടിയിറങ്ങാറുള്ളൂ.
അവർ തമ്മിൽ പല രീതികളിലും നല്ല യോജിപ്പാണ്. ഒരു തുമ്പുമില്ലാതെ എന്തും വിളിച്ചുപറയാനുള്ള നാക്കറപ്പില്ലായ്മയിൽ ഇരുവരും ഒരേ നുകത്തിന് ഒതുങ്ങും. പൊതുസ്വീകാര്യതയുള്ള നേതൃമികവൊന്നുമില്ലെങ്കിലും പക്വതയും ഔചിത്യബോധവും മിനിമം ലെവലിൽ വേണ്ടേ. വെറുതെയല്ല , അഭിപ്രായ സർവേകളിൽ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട നേതാക്കളിൽ രണ്ടുപേരും അവസാന റാങ്കുകാരായി ഇടംപിടിക്കുന്നത്.
സകല കുത്തിത്തിരിപ്പുകളും പരാജയപ്പെട്ട സാഹചര്യത്തിൽ എന്ത് അതിക്രമത്തിനും അരുതായ്മകൾക്കും പ്രതിപക്ഷ കക്ഷികൾ മുതിർന്നേക്കുമെന്ന ആശങ്ക വ്യാപകമായുണ്ട്. അഞ്ചുവർഷംകൂടി അധികാരമില്ലാതെ പുറത്തുനിൽക്കുക എന്നത് യു ഡി എഫിന് സഹിക്കാനാവില്ല.
കേന്ദ്രത്തിലെ പ്രതാപം അസ്തമിക്കുംമുമ്പേ സംസ്ഥാനത്തെ അക്കൗണ്ട് കനപ്പിക്കണമെന്നാണ് ബി ജെ പി യുടെ മോഹം. അതിനുവേണ്ടി ഒത്തുകളിക്കുകയാണ് ഇരുകൂട്ടരും. ഏതറ്റംവരെയും പോകാൻ മടിക്കാത്തവരാണ് കോ- ലീ- ബി കക്ഷികൾ ഒന്നടങ്കം. പ്രകോപനത്തിന് പഴുതു തേടാൻ ചില ദുർബല സ്ഥാനാർത്ഥികളെ ആശ്രയിക്കാനടക്കം തീരുമാനിച്ചതായാണറിയുന്നത്.
” ചാപ്പ കുത്തൽ – മുടി മുറിക്കൽ ” പോലുള്ള ലഘുനാടകങ്ങൾക്കും കദനകഥകൾക്കും വരെ സാധ്യതയുണ്ട്. ഏത് തരം അനിഷ്ടസംഭവങ്ങൾക്കും വഴി തോണ്ടിയേക്കാം അവർ . കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന് സുശക്ത പ്രതിരോധം തീർക്കുകയേ ഇടതുപക്ഷത്തിന് നിവൃത്തിയുള്ളൂ.