നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ

0
120

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ പണപ്പെരുപ്പ തോത്‌ 5.9 ശതമാനംമാത്രം. ഏറ്റവും ഉയർന്ന വിലക്കയറ്റ തോത്‌ പുതുച്ചേരിയിൽ–- 8 ശതമാനം. തമിഴ്‌നാട്ടിൽ 7.2 ഉം അസമിൽ 6.5 ഉം ബംഗാളിൽ 5.3 ശതമാനവുമാണ്‌ പണപ്പെരുപ്പ തോതെന്ന്‌ കെയർ റേറ്റിങ്‌സ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്ക്‌ ബംഗാളിൽ–- 6.2 ശതമാനം. പുതുച്ചേരിയിൽ 5.8 ഉം തമിഴ്‌നാട്ടിൽ 4.8 ശതമാനവും. ദേശീയതലത്തിൽ 6.9 ശതമാനമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌. കേരളത്തിൽ 4.3 ശതമാനംമാത്രം.

കേരളത്തിൽ 2016 മുതൽ 2020 വരെ 6.3 ശതമാനമാണ്‌ ശരാശരി വളർച്ച. 2018 ലെയും 2019 ലെയും പ്രളയം കേരളത്തിലെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയായെന്നും കെയർ റിപ്പോർട്ട്‌ പറയുന്നു. ശരാശരി പ്രതിദിന വേതനം ഏറ്റവും ഉയർന്നത്‌ കേരളത്തിലാണ്‌–- 670 രൂപ. തമിഴ്‌നാട്ടിൽ 438, ബംഗാളിൽ 291, അസമിൽ 263രൂപ. ദേശീയ ശരാശരി 293 രൂപ.

ഏറ്റവും ഉയർന്ന ആളോഹരി വരുമാനവും കേരളത്തിൽ. 2020ലെ കണക്കുകൾപ്രകാരം ആളോഹരി വരുമാനം 221904 രൂപ. തമിഴ്‌നാട്ടിൽ 218599, ബംഗാളിൽ 115748, അസമിൽ 90682 രൂപ. ഏറ്റവും ഉയർന്ന റവന്യൂകമ്മി തമിഴ്‌നാട്ടിന്. 2021 ലെ കണക്കുകൾപ്രകാരം 65994 കോടി. ബംഗാൾ 34345 കോടി. കേരളത്തിന്റേത്‌ 24206 കോടി. ഏറ്റവും കൂടുതൽ കടബാധ്യതയും തമിഴ്‌നാടിന്.

2021 സാമ്പത്തികവർഷത്തെ കണക്ക് പ്രകാരം കണക്ക്ബാധ്യത 4.85 ലക്ഷം കോടി. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന പല സംസ്ഥാനങ്ങൾക്കും കേരളത്തിനുള്ളതിനെക്കാൾ കടബാധ്യതയുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.