BREAKING : ‘ബോംബ്’ പൊട്ടിക്കാന്‍ മാധ്യമങ്ങളുടെ സഹായം തേടി പ്രതിപക്ഷ നേതാവ്

0
40

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ വിവാദത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം. അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുന്ന അവസാനത്തെ അടവിന് മാധ്യമങ്ങളുടെ സഹായം തേടി പ്രതിപക്ഷനേതാവ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരോടും സ്ഥാപന മേധാവികളോടും പൊട്ടിക്കാന്‍ പോകുന്ന ബോംബിന് പരമാവധി വാര്‍ത്താ പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതുവരെ പുറത്തുവിട്ട ബോംബുകളെല്ലാം നനഞ്ഞ പടക്കങ്ങളായി മാറിയെങ്കിലും വീണ്ടും വിവാദമുണ്ടാക്കി പുകമറ സൃഷ്ടിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ അവസാന പ്രതീക്ഷ.

പാവങ്ങള്‍ക്കുള്ള അരിമുടക്കാന്‍ നോക്കിയതടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ തിരിച്ചടി നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പിന് ഒരു ആഴ്ച മാത്രം ശേഷിക്കെ അടുത്ത നുണ ബോംബിന് സഹായം തേടി മാധ്യമങ്ങളെ സമീപിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ പൊട്ടിക്കുന്ന ബോംബ് തെരഞ്ഞെടുപ്പ് ദിവസം വരെ പരമാവധി ചര്‍ച്ചയാക്കി നിര്‍ത്തണമെന്നും അതു സംബന്ധിച്ച് ഭരണമുന്നണി നല്‍കുന്ന വിശദീകരണങ്ങളൊന്നും വാര്‍ത്തയായി കൊടുക്കരുതെന്നും തങ്ങളെ പരമാവധി സഹായിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരികുന്ന സന്ദേശം.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളെല്ലാം ജനങ്ങളും നാടും തള്ളിക്കളഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ പി.ആര്‍ സംഘം പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഒട്ടുംതന്നെ സാധിച്ചതുമില്ല. പകരം പൊതുജനമദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതല്‍ മോശമാകാനെ അതുപകരിച്ചുള്ളൂ. മാറിമാറി പരീക്ഷിച്ച പി.ആര്‍ ഏജന്‍സികളെല്ലാം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും മാധ്യമങ്ങളുടെ നിര്‍ലോഭമായ സഹായമുണ്ടായിട്ടും പ്രതിപക്ഷ നേതാവിന്റെ റേറ്റിംഗ് ഉയര്‍ന്നില്ല.

വിവിധ ചാനല്‍ സര്‍വെകളില്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പത്തു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് രമേശ് ചെന്നിത്തല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. അതായത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും ശൈലജ ടീച്ചറിനും പിന്നിലാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വെയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനം പേര്‍ പിണറായി വിജയനെന്ന് അഭിപ്രായം പറയുമ്പോള്‍ കേവലം 7 ശതമാനം മാത്രമാണ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്.

ഈ നിരാശ മൂലം സര്‍വെകളെ അദ്ദേഹം തള്ളിപ്പറയുന്നു. എങ്കിലും വിവാദങ്ങള്‍ വിട്ട് ഒരു കളിയില്ല എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജീവിതചര്യ. പക്ഷേ, ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളെല്ലാം അല്പായുസ് മാത്രമുള്ളതാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞ ജനങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ അവസാനത്തെ ബോംബിനെയും അര്‍ഹിക്കുന്ന രീതിയില്‍ നിര്‍വീര്യമാക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നത്.