അസർ റിപ്പോർട്ടിലും കേരളം നമ്പർ 1 ; സ്‌കൂൾ വിദ്യാർഥികൾ പഠനപ്രവർത്തനങ്ങളിൽ മുന്നിൽ

0
53

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ വിദ്യാർഥികളെ പഠനപ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തുന്നതിലും അവർക്ക് പഠന പിന്തുണ നൽകുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് സർവേ. ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിലാണ്‌ (അസർ 2020) ഈ കണ്ടെത്തൽ.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള അവസ്ഥയാണ് അസർ ശാസ്ത്രീയമായി ഗവേഷണവിധേയമാക്കിയത്. വിദ്യാലയ പ്രവേശനം, വീട്ടിലെ പഠനപിന്തുണ, പഠനവിഭവങ്ങളുടെ ലഭ്യത, പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവയായിരുന്നു പഠനസൂചകങ്ങൾ. 2020 സെപ്തംബറിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

റിപ്പോർട്ടുപ്രകാരം ആഴ്ചയിൽ മൂന്നിലധികം പഠനപ്രവർത്തനങ്ങൾ ചെയ്തത് ഇന്ത്യയിൽ 21.4 ശതമാനം വിദ്യാർഥികൾ മാത്രം. അതിൽ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ 19 ശതമാനവും സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ 27 ശതമാനവുമാണ്. ദേശീയ ശരാശരി ഇത്ര കുറവായിരിക്കുമ്പോഴും കേരളത്തിലെ സ്ഥിതി വളരെ മെച്ചമാണ്. കേരളത്തിൽ 71 ശതമാനം കുട്ടികൾ മൂന്നിലധികം പഠനപ്രവർത്തനങ്ങൾ ഒരാഴ്ചയിൽ ചെയ്യുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു.

അതിൽ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ 72 ശതമാനവും സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ 69 ശതമാനവുമാണ്. പഠനപ്രവർത്തനങ്ങളിൽ കേരളത്തിലെ വിദ്യാർഥികൾ ഏറെ മുന്നിലാണെന്ന് മാത്രമല്ല; ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ കേരളത്തിലെ സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന നിർണായകമായ വിവരവും സർവേഫലം മുന്നോട്ട് വയ്ക്കുന്നു.