സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ തടസ്സങ്ങൾ നീക്കി ചലിച്ചു തുടങ്ങി. ഷിപ്പിങ് സർവീസസ് കമ്പനിയായ ഇഞ്ച്കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. ഇതോടെ കപ്പൽപ്പാത ഉടൻ തുറന്നേക്കുമെന്ന പ്രതീക്ഷയും ഉടലെടുത്തു. പ്രാദേശിക സമയം പുലർച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയത്.
എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. മുഖ്യമായും എണ്ണയും ഭക്ഷ്യധാന്യങ്ങളും കയറ്റിയ ചരക്കുകപ്പലുകളാണ് ഇതുവഴി പോകുന്നത്.
ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്. ഇരുനൂറോളം ചരക്കുകപ്പലുകൾ ഇരുവശത്തും പെട്ടതോടെ സ്ഥിതി സങ്കീർണമായി. കോവിഡ് മൂലമുള്ള വ്യാപാര തകർച്ചയ്ക്കു പിന്നാലെയാണ് ഈ പ്രതിസന്ധി.
പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33% ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ്, ഇതാകട്ടെ ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും. പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ തുറമുഖങ്ങളും ഈ പ്രതിസന്ധിയുടെ ഫലമനുഭവിക്കും.
കപ്പലുകൾ ചരക്കിറക്കി മടങ്ങാനായി പതിവിലേറെ കാത്തുകിടക്കേണ്ടിവരും. കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്
Recent Comments