ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌ തസ്തികയിൽ 462 നിയമനശുപാർശ നൽകി പിഎസ്‌സി

0
73

ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌ (എൽജിഎസ്‌) തസ്തികയിൽ പിഎസ്‌സി 462 പേർക്ക് നിയമനശുപാർശ നൽകി. കഴിഞ്ഞ 42 ദിവസത്തിനുള്ളിൽ ആണ് നിയമനശുപാർശ നൽകിയത്.

എൽജിഎസ്‌ തസ്തികയിൽ നിയമനം നടക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ റാങ്ക്‌ ഹോൾഡേഴ്‌സ്‌ സെക്രട്ടറിയറ്റിനുമുന്നിൽ സമരം നടത്തിയ അതേകാലയളവിൽ ഉൾപ്പെടെയാണ്‌ ഇത്രയും നിയമനശുപാർശ അയച്ചത്‌.

തിരുവനന്തപുരത്ത്‌ 113, കൊല്ലം 53, പത്തനംതിട്ട ഒമ്പത്‌, ആലപ്പുഴ 19, കോട്ടയം 23, ഇടുക്കി 20, എറണാകുളം നാല്‌, തൃശൂർ 48, പാലക്കാട്‌ 31, മലപ്പുറം 28, വയനാട്‌ 14, കോഴിക്കോട്‌ 29, കണ്ണൂർ 46, കാസർകോട്‌ 25 എന്നിങ്ങനെയാണ്‌ ജില്ലകളിൽ അയച്ച നിയമന ശുപാർശ.

ഇതിനു പുറമേ, നിരവധി പേർക്കുള്ള നിയമന ശുപാർശ അതത്‌ ജില്ലാ പിഎസ്‌സി ഓഫീസുകളിൽ തയ്യാറാണ്‌. ചില സാങ്കേതിക കാരണങ്ങളാൽ അയക്കാനായിട്ടില്ല. വിവിധ സ്ഥാപനങ്ങളിലെ വാച്ച്‌ വുമൺ, ഗവൺമെന്റ്‌ പ്രസിലെ ലാസ്കർ തുടങ്ങിയ തസ്തികകളിലേക്ക്‌‌ നിയമനശുപാർശ അയക്കുന്നതിന്‌ മുമ്പ്‌ സ്ത്രീകളുടെ അനുവാദം, മെഡിക്കൽ സർട്ടിഫിക്കറ്റ്‌ എന്നിവ വാങ്ങേണ്ടതുള്ളതിനാലാണിത്‌.

രജിസ്‌ട്രേഡ്‌ കത്തയച്ച്‌ മറുപടി ലഭിച്ചതിനുശേഷമാണ്‌ ഇത്തരം തസ്തികയിലേക്ക്‌ നിയമനശുപാർശ അയക്കുക. രാത്രിയിലുള്ള ജോലികൾക്ക്‌ സ്ത്രീകൾ സമ്മതം നൽകാത്തതിനാൽ നിയമനശുപാർശ നൽകാനാകാത്ത സാഹചര്യവുമുണ്ട്‌.ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്ത്‌ നിയമനം വേഗത്തിലാക്കുമെന്ന്‌ സമരക്കാർക്ക്‌ മുഖ്യമന്ത്രി ഉറപ്പ്‌ നൽകിയിരുന്നു. ഇതിനായി ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക ഉദ്യോഗസ്ഥ സമിതിയും രൂപീകരിച്ചിരുന്നു.