കൊല്ലത്തെ ക്യുഎസ്എസ് കോളനി ഇനി 179 ഫ്ലാറ്റുള്ള കെട്ടിടസമുച്ചയം

0
41

കൊല്ലത്തെ ക്യുഎസ്എസ് കോളനി പുതിയ മുഖത്തിലാണ് എപ്പോൾ ഉള്ളത്.കാലപ്പഴക്കത്തിൽ നിലംപൊത്താറായിരുന്ന ക്യുഎസ്എസ് കോളനി നിന്ന സ്ഥലത്ത് 179 ഫ്ലാറ്റുള്ള കെട്ടിടസമുച്ചയ നിർമാണം പൂർത്തിയാകുന്നു. കടപ്പുറത്ത് കുടിൽ കെട്ടി താമസിക്കുന്ന മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ കുടുംബങ്ങൾക്കാണ് സർക്കാരും കോർപറേഷനും ചേർന്ന് ഫ്ലാറ്റ് നിർമിക്കുന്നത്.

കടപ്പുറത്തിന് സമീപം തങ്കശ്ശേരിയിൽ സ്ഥിര താമസമായിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഈ വികസനം ശ്രദ്ധയിൽപ്പെടാതെ പോയ ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ജയിംസ് ആൽബർട്ട് അത്ഭുതത്തോടെ നിർമാണ പ്രവർത്തനങ്ങൾ നോക്കികണ്ട ശേഷം പ്രതികരിച്ചത് ഇങ്ങനെ–-ഇവിടത്തെ വികസനം കണ്ണുകൊണ്ട് കാണാം.

ഹൃദയംകൊണ്ട് തൊട്ടറിയാം. ബസ് സ്റ്റാൻഡും റോഡും ഓടയുമൊന്നുമല്ല വികസനത്തിന്റെ നേർസാക്ഷ്യമാകുന്നത്. അസാധ്യമെന്ന് കരുതിയ പലതുമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും സിറ്റ്ഔട്ടും ബാത്ത് റൂമും ഉൾപ്പെട്ട ഫ്ലാറ്റ് ഇവിടത്തെ മനുഷ്യരുടെ സ്വപ്നങ്ങൾക്കും അപ്പുറമാണ്. ഫ്ലാറ്റുകളിലും ചേരികളിലും താമസിക്കുന്നവർ എന്ന വേർതിരിവ് ഇല്ലാതാക്കുന്ന, എല്ലാവരെയും തുല്യരായി കാണുന്ന സർക്കാരിന്റെ ഈ കാഴ്ചപ്പാടിനാണ് എന്റെ വോട്ട്.

ഈ സർക്കാർ തുടരണം.മത്സ്യത്തൊഴിലാളികൾക്കിടയിൽനിന്ന് ചലച്ചിത്ര മേഖലയിലെത്തിയ ജയിംസ് ആൽബർട്ട് സംവിധാനംചെയ്ത മറിയംമുക്ക് എന്ന സിനിമയിലൂടെ പറഞ്ഞതും പള്ളിത്തോട്ടം, വാടി, തങ്കശ്ശേരി പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതമായിരുന്നു. കടപ്പുറത്തെ അസാധാരണമായ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.

ക്യുഎസ്എസ് കോളനിയിലെ 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം മുകേഷ് എംഎൽഎ സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചതാണ് വഴിത്തിരിവായത്.

സർക്കാർ ഇടപെടലിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ എം മുകേഷ് എംഎൽഎയും മേയറായിരുന്ന വി രാജേന്ദ്രബാബുവുമായി ചർച്ച ചെയ്തശേഷം താമസക്കാരിൽ മത്സ്യത്തൊഴിലാളികളല്ലാത്ത 65 കുടുംബത്തിനുള്ള ഫ്ലാറ്റുകൾ കോർപറേഷനും 114 എണ്ണം ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ നിർമിക്കാൻ ധാരണയായി. 10.5 ലക്ഷം രൂപ വീതമാണ് ഓരോ ഫ്ലാറ്റിന്റെയും ചെലവ്.