ഇഡി ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുത

0
151

ഇഡി ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന്‌ നിയമപരിരക്ഷയുണ്ടെന്ന്‌ വ്യക്തം. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്മേൽ ജുഡീഷ്യൽ അന്വേഷണം നടത്താനല്ല സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌.

സ്വർണക്കടത്ത്‌ അന്വേഷണത്തിന്റെ മറവിൽ സർക്കാരിനെയും രാഷ്‌ട്രീയ നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയോ എന്നതടക്കമുള്ള വിഷയങ്ങളാണ്‌ അന്വേഷണപരിധിയിൽ വരിക. അത്‌ 1952ലെ അന്വേഷണ കമീഷൻ നിയമപ്രകാരം പൊതുതാൽപ്പര്യമുള്ള വിഷയത്തിന്റെ പരിധിയിൽ വരികയും ചെയ്യും.

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ, മറ്റൊരു പ്രതി സന്ദീപ്‌ നായർ ജഡ്‌ജിക്ക്‌ അയച്ച കത്ത്‌, സ്വപ്‌നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട്‌ വനിതാ സിവിൽ പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴി, ശബ്‌ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്ക്‌ മേലുള്ള സമ്മർദം, അതിന്‌ പിന്നിൽ ആരൊക്കെ എന്നിവയാണ്‌ ജുഡീഷ്യൽ കമീഷൻ പരിശോധിക്കുക.

കേന്ദ്ര ഏജൻസികളുടെ ഭാഗമായി പ്രവർത്തിക്കുന്നവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താൽ അത്‌ പരിശോധിക്കുകയെന്നത്‌ സംസ്ഥാന വിഷയമാണെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സേനാംഗങ്ങളോ വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥരോ ഒരു സംസ്ഥാനത്ത്‌ ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടാൽ ക്രിമിനൽ നടപടിച്ചട്ടപ്രകാരം സംസ്ഥാന പൊലീസിന്‌ നടപടി എടുക്കാം. ഇപ്പോൾ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആ ഗണത്തിൽ വരുമെന്ന്‌ മാത്രമല്ല, സംസ്ഥാന പൊലീസ്‌ സേനയിലെ രണ്ട്‌ അംഗങ്ങളുടെ പങ്കുകൂടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയതും പ്രസക്തി കൂട്ടുന്നു.

രാഷ്‌ട്രീയ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും താറടിച്ച്‌ കാണിക്കാനും വികസനപദ്ധതികൾ മുടക്കാനുമുള്ള നടപടികൾക്ക്‌ ഒരു തരത്തിലും നിയമസംരക്ഷണവും ലഭിക്കില്ല.ഒരു കേന്ദ്ര ഏജൻസിയിൽ അംഗമായി എന്ന കാരണംകൊണ്ടുമാത്രം ഒരാൾക്ക്‌ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ നിയമം അനുവദിക്കുന്നില്ല.

സമ്മർദം ചെലുത്തി മൊഴി വാങ്ങാനും അപകീർത്തികരമായ വാർത്ത പ്രചരിപ്പിക്കാനും ഇഡി ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതായി വ്യക്തമായിട്ടുണ്ട്‌. ഉദ്യോഗസ്ഥരുടെ ഈ വഴിവിട്ട നടപടിയാണ്‌ അന്വേഷിക്കാൻ പോകുന്നത്‌. അതിനുപിന്നിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അതിൽ പങ്കുള്ളവരും നിയമനടപടിക്ക്‌ വിധേയമാകും.

കേന്ദ്ര ഏജൻസികൾക്കെതിരെയോ ഏതെങ്കിലും ഒരു ഏജൻസിയുടെ അന്വേഷണത്തെയോ കുറിച്ചല്ല ജുഡീഷ്യൽ അന്വേഷണം. സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ എൻഐഎ, കസ്‌റ്റംസ്‌, ഇഡി തുടങ്ങിയ ഏജൻസികളാണ്‌ അന്വേഷണം നടത്തുന്നത്‌. ഇതിൽ രാഷ്‌ട്രീയലക്ഷ്യത്തോടെ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരെയാണ്‌ ആരോപണം ഉയർന്നിട്ടുള്ളത്‌.

ഇക്കാര്യം ബലപ്പെടുത്തുന്ന മൊഴികളും മറ്റ്‌ തെളിവുകളും ക്രൈംബ്രാഞ്ചിന്‌ കിട്ടിയിട്ടുണ്ട്‌. അതിന്മേലുള്ള കൃത്യതയും വ്യാപ്‌തിയും കണ്ടെത്തുകയും തുടർ നടപടി ശുപാർശ ചെയ്യുകയുമാണ്‌ ജുഡീഷ്യൽ കമീഷന്റെ ചുമതല.

കേന്ദ്ര അന്വേഷണ ഏജൻസികൾ പരിധി ലംഘിച്ചോ എന്ന്‌ കണ്ടെത്തുകയാണ്‌ ഉദ്ദേശ്യമെങ്കിലും ജുഡീഷ്യൽ കമീഷന്‌ കേന്ദ്ര, സംസ്ഥാന വിഷയങ്ങളിലടക്കം കടന്നുചെല്ലാൻ സ്വമേധയാ കഴിയും. കേന്ദ്ര, സംസ്ഥാന ബന്ധം, സർക്കാരുകളുടെ അധികാരം, കേന്ദ്ര ഏജൻസികളുടെ പ്രവർത്തനപരിധി തുടങ്ങിയ കാര്യങ്ങളിൽ കമീഷന്റെ നിഗമനങ്ങൾ ശ്രദ്ധേയമായ ചർച്ചയ്‌ക്ക്‌ വഴിതെളിക്കും.