പെൻഷനും കിറ്റുംകൂടി തടയണം; ചെന്നിത്തല നൽകിയ കത്ത്‌ പുറത്ത്

0
67

സംസ്ഥാനത്തെ റേഷൻ മുൻഗണനേതര വിഭാഗങ്ങൾക്ക്‌ 10 കിലോ അരി 15 രൂപ നിരക്കിൽ നൽകുന്നത്‌ തെരഞ്ഞെടുപ്പുകമീഷൻ തടഞ്ഞത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന്‌ രേഖകൾ തെളിവ്‌. ഇതിനൊപ്പം വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനും എല്ലാ കുടുംബത്തിനും സർക്കാർ മാസംതോറും നൽകിവരുന്ന ഭക്ഷ്യക്കിറ്റും സ്‌കൂൾ കുട്ടികൾക്കുള്ള അരിയും തടഞ്ഞുവയ്‌ക്കണമെന്നും‌ രമേശ്‌ ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു‌.

കോവിഡ്‌ മഹാമാരിയെ തുടർന്നാണ്‌ കേരളത്തിലെ 89 ലക്ഷം കുടുംബത്തിന്‌ സംസ്ഥാന സർക്കാർ മാസംതോറും ഭക്ഷ്യക്കിറ്റ്‌ നൽകുന്നത്‌. കഴിഞ്ഞ ഏപ്രിലിലാണ്‌ കിറ്റ്‌ വിതരണം തുടങ്ങിയത്‌. ഇതിന്‌ നിയമസഭാ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല.

മഹാമാരി വന്നപ്പോൾമുതൽ നടക്കുന്ന കിറ്റ്‌ വിതരണം ഈസ്റ്ററും വിഷുവും അടുത്തുവരുന്ന സന്ദർഭത്തിൽ തടയണമെന്ന ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പുകമീഷൻ അംഗീകരിച്ചാൽ ലക്ഷക്കണക്കിന്‌ പാവപ്പെട്ട കുടുംബങ്ങൾ പ്രതിസന്ധിയിലാകും. സ്‌കൂൾ കുട്ടികൾക്ക്‌ ക്ലാസില്ലാത്തതിനാൽ ഭക്ഷ്യവസ്‌തുക്കൾ വീടുകളിലേക്ക്‌ നൽകണമെന്നത്‌ കേന്ദ്ര സർക്കാരിന്റെ നിർദേശമാണ്‌.

സംസ്ഥാന വിഹിതവും ചേർത്ത്‌ ഈ അധ്യയനവർഷത്തിൽ നാലാം തവണയാണ്‌ ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നത്‌. അധ്യയനവർഷം അവസാനിക്കുന്ന മാർച്ചിൽ ഇവ വിതരണം ചെയ്‌തില്ലെങ്കിൽ ലാപ്‌സാകും എന്നറിഞ്ഞാണ്‌ കുട്ടികളുടെ അന്നത്തിലും മണ്ണിടാൻ ചെന്നിത്തല ശ്രമിച്ചത്‌. ജനങ്ങൾ എതിരാകുമെന്ന്‌ വന്നതോടെ അരി വിതരണം തടഞ്ഞത്‌ തങ്ങൾ പരാതിപ്പെട്ടിട്ടല്ലെന്ന്‌ പ്രതിപക്ഷകേന്ദ്രങ്ങൾ പ്രചാരണം ആരംഭിച്ചു.

ചെന്നിത്തല ഉന്നയിച്ച 3 ആവശ്യം

1) സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണം.

2) വിഷു സ്‌പെഷ്യലായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ഏപ്രിൽ ആറുവരെ നിർത്തിവയ്‌ക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട്‌ നിർദേശിക്കണം. വിഷു പ്രമാണിച്ച്‌ നൽകുന്ന അരിയും തടയണം.

3) ഏപ്രിൽ, മെയ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നത്‌ വിലക്കണം.