ശ്രേയസ് അയ്യർക്ക് ഐപിഎൽ പൂർണമായും നഷ്ടമായേക്കും ; ഡെൽഹിക്ക് കനത്ത തിരിച്ചടി

0
40

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരുടെ നില അല്പം ഗുരുതരമെന്നും, തോളിനേറ്റ പരിക്കിൽ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും റിപ്പോർട്ടുകൾ.‌ തോളിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പതിനാലാം എഡിഷൻ ഐപിഎൽ ശ്രേയസിന് പൂർണമായും നഷ്ടമാകും. താരത്തിന്റെ ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ശ്രേയസ് അയ്യറിന്റെ തോളിന് പരിക്കേറ്റത്. പ‌ന്ത് പിടിക്കാൻ ഇടത് വശത്തേക്ക് ചാടിയ താരം തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ടതോടെ മൈതാനത്ത് ഇരിക്കുകയായിരുന്നു‌‌. പിന്നാലെ വൈദ്യസംഘമെത്തി താരത്തെ പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു.

മത്സരത്തിൽ പിന്നീട് ഫീൽഡിംഗിനിറങ്ങാതിരുന്ന അയ്യർ ഇന്നലെ വിശദ പരിശോധനകൾക്ക് വിധേയനായി. ഇതിലാണ് അദ്ദേഹത്തിന്റെ ഇടത് തോളിന് സ്ഥാന മാറ്റം സംഭവിച്ചതായി കണ്ടെത്തിയത്. പരിക്കിൽ നിന്ന് മോചിതനാവാൻ‌ ശസ്ത്രക്രിയ അനിവാര്യമാണെന്നും ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചു.

എന്നാൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ താരം അന്തിമ‌തീരുമാനമെടുത്തിട്ടില്ലെന്നും, ഒന്ന് രണ്ട് വിദഗ്ധരിൽ നിന്ന് കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കാത്തിരിക്കുകയാണെന്നുമാണ് സൂചനകൾ. അതേ സമയം ശസ്ത്രക്രിയ യ്ക്ക് വിധേയനായാൽ 3-4 മാസങ്ങൾ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി‌ വരും. വരാനിരിക്കുന്ന ഇന്ത്യൻപ്രീമിയർ ലീഗും ഇതോടെ അദ്ദേഹത്തിന് നഷ്ടമാകും. ഐപിഎല്ലിൽ തങ്ങളുടെ നായകൻ കൂടിയായ ശ്രേയസ് അയ്യർക്ക് ടൂർണമെന്റ് നഷ്ടമാവുകയാണെങ്കിൽ അത് ഡെൽഹിക്ക് സമ്മാനിക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല.