അന്വേഷണ ഏജന്‍സികളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജ്ജീവം, ജനങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി വോട്ടുചെയ്യും: സീതാറാം യെച്ചൂരി

0
41

ജനങ്ങള്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി വോട്ടുചെയ്യുമെന്നും ക‍ഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയും യുഡിഎഫും ഒരുമിച്ചാണ് സംസ്ഥാന സര്‍ക്കാറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും സീതാറാം യെച്ചൂരി.

കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികളെ മാത്രമല്ല എല്‍ഡിഎഫിന് നേരിടാനുള്ളത് അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കോട്ടയത്ത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് അടിയറവ് പറയുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയത്.

രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബദല്‍ നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത് ഇതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് വലത് രാഷ്ട്രീയ കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ ഈ തന്ത്രത്തിന് മുന്നില്‍ പക്ഷെ കേരളം മുട്ടുമടക്കില്ലെന്നും യെച്ചൂരി പറഞ്ഞു. ഏത് അന്വേഷണം ഉപയോഗിച്ച് തടവിലാക്കിയാലും കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി വോട്ടുചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.