രാഷ്ട്രീയ ധാര്‍മികത ഉറപ്പാക്കാന്‍ എല്‍ഡിഎഫ് വിജയം അനിവാര്യം ; ചരിത്രം ഇല്ലാതാക്കി ഹിന്ദു പുരാണങ്ങള്‍ പഠിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമം : യെച്ചൂരി

0
49

രാജ്യത്തിന്റെ രാഷ്ട്രിയ ധാര്‍മികത ഉറപ്പാക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയം അനിവാര്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീലേശ്വരം രാജാസ് സ്‌കൂള്‍ മൈതാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനവും തകര്‍ക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെ മനുഷ്യത്വപരമായ ബദല്‍ നയങ്ങള്‍ കൊണ്ട് എങ്ങിനെ ചെറുക്കാമെന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തത്.

പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും പ്രതിസന്ധികളില്‍ പോലും ജനങ്ങളുടെ ക്ഷേമത്തിലും വികസനത്തിലും സര്‍ക്കാര്‍ കുറവുവരുത്തിയില്ല. വിദ്യാഭ്യാസരംഗത്തും ആരോഗ്യ രംഗത്തുമൊന്നും പിറകോട്ടുപോയില്ല. അഞ്ച് വര്‍ഷം മുമ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 600 കാര്യങ്ങളില്‍ 580ഉം നടപ്പാക്കി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു അതൊരു റെക്കോഡാണ്.അതേസമയം ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ മാസങ്ങളോളം സമരത്തിലായിരുന്നു. 300ലധികം കര്‍ഷകര്‍ തെരുവില്‍ മരിച്ചു.

രാജ്യം ഒന്നാകെ വില്‍ക്കുകയാണ് മോഡിസര്‍ക്കാര്‍. ബാങ്കുകളും പൊതുമേഖലാസ്ഥാപനങ്ങളും ഇന്‍ഷുറന്‍സും റെയില്‍വേയും എയര്‍ലൈന്‍സും അതില്‍ പെടുന്നു. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ അംബാനിയും അദാനിയും കനിയണം. രാജ്യത്തിന്റെ ഉടമസ്ഥര്‍ ജനങ്ങളാണെന്നും ഭരിക്കുന്നവര്‍ വെറും മാനേജര്‍മാരാണെന്നുമുള്ള കാര്യം അവര്‍ മറന്നു.

ഭരണഘടന അട്ടിമറിക്കാനും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അവകാശം കവരാനുമാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളായ സിബിഐയെയും ഇഡിയെയും ഉപയോഗിച്ചു സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

ആര് ജയിച്ചാലും ബിജെപി ഭരിക്കുമെന്ന നിലയിലേക്കാണ് കാര്യം പോകുന്നത്.ജനപ്രതിനിധികളെ വിലക്കുവാങ്ങിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും പ്രതിപക്ഷങ്ങളെ നശിപ്പിക്കുകയാണ്. കര്‍ണാടക, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അതാണ് കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരെയും എംപിമാരെയും വിലക്കെടുക്കുന്നു. കേരളത്തിലും ബിജെപി ഇതുതന്നെയാണ് പരീക്ഷിക്കുന്നത്. ഇതിനെ നേരിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂ.

വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും നാടാണ് നമ്മുടേത്. പലവഴികളില്‍ ഒഴുകി ഒരുകടലില്‍ ചെന്നു ചേരുന്നതുപോലെയാണ് നമ്മുടെ സംസ്‌കാരം. ആ ചരിത്രം ഇല്ലാതാക്കി ഹിന്ദു പുരാണങ്ങള്‍ പഠിപ്പിക്കാനും ഭാഷകളുടെ വൈവിധ്യം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു