ഗോദ്സെ ഭക്തർ രക്തസാക്ഷികളെ നിന്ദിക്കുന്നതിൽ എന്തിരിക്കുന്നു …!

0
89

കെ വി

ലോകം കണ്ട സമാധാനവാദികളിൽ ഒന്നാമനായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നികൃഷ്ടഭീകരൻ വിനായക് നാഥുറാം ഗോദ്സെയെ ആരാധിക്കുന്നവരാണ് സംഘപരിവാറുകാരിൽ ഏറെയും. സാർവദേശീയതലത്തിൽതന്നെ സമുന്നതസ്ഥാനം നൽകി ആദരിക്കുന്ന രക്തസാക്ഷിത്വമാണ് ഗാന്ധിജിയുടേത്. എന്നാൽ, ഈയിടെ മഹാത്മജിയുടെ പ്രതിമയ്ക്കുനേരെ പ്രതീകാത്മകമായി നിറതോക്കുതിർത്ത് പിന്നെയും പകതീർത്ത സംഭവമുണ്ടായി നമ്മുടെ രാജ്യത്ത്…! അതിനു മുതിർന്നത് മറ്റാരുമായിരുന്നില്ല , കേന്ദ്രത്തിൽ വാഴുന്ന നരേന്ദ്രമോദിയുടെ ഉറ്റ അനുയായിരുന്നു. അതേ വികാരവിചാരമുള്ള ആലപ്പുഴയിലെ ബി ജെ പി സ്ഥാനാർത്ഥിയും കൂട്ടരും പുന്നപ്ര – വയലാർ രക്തസാക്ഷികളെ അപമാനിക്കാൻ ഒരുമ്പെട്ടതിൽ അതിശയിക്കാനൊന്നുമില്ല. സാമാന്യമായ ചരിത്രബോധമോ രാഷ്ട്രീയ ധാർമികതയോ അവരിൽനിന്ന് പ്രതീക്ഷിക്കുന്നതും വെറുതെ …!

കേരളത്തിന്റെ ചരിത്രം പഠിക്കണമെന്ന് സംഘി സ്ഥാനാർത്ഥിയോട് പറയുന്നത് മൗഢ്യമാണ്. സമ്പൂർണ സസ്യഭുക്കുകളെ നിർബന്ധിച്ച് മാംസാഹാരം തീറ്റിക്കുന്നതിന് തുല്യമാണത്. വായനയും ചിന്തയുമെല്ലാം അത്ര നിഷിദ്ധമാണവർക്ക്. എന്നാലും ഒരപേക്ഷ : പ്രശസ്ത എഴുത്തുകാരൻകൂടിയായ കെ വി മോഹൻകുമാർ ഐ എ എസിന്റെ ഒരു നോവലുണ്ട് – ” ഉഷ്ണരാശി” . ആവിഷ്ക്കാര ശൈലിയിലും ഭാഷാലാളിത്യത്തിലും ആരും ഇഷ്ടപ്പെട്ടുപോകുന്ന പുസ്തകമാണ്. അതിലുണ്ട് പുന്നപ്ര – വയലാർ വീരേതിഹാസത്തിന്റെ ഏകദേശ പരിഛേദം… ഈ നാടിന്റെ ശോഭനമായ രാഷ്ട്രീയഭാവിക്ക് സ്വന്തം ജീവരക്തംകൊണ്ട് നിറംപകർന്ന ധീരസഖാക്കളുടെ ത്യാഗനിർഭര സമരകഥ.

സ്വതന്ത്ര ഇന്ത്യയിൽ ചേർക്കാൻ കൂട്ടാക്കാതെ തിരുവിതാംകൂറിനെ നാട്ടുരാജ്യമാക്കി അധീനതയിലൊതുക്കി വാഴാമെന്ന് വ്യാമോഹിച്ച ദിവാൻ സർ സി പി ക്കെതിരെ ആഞ്ഞടിച്ച അജയ്യപോരാട്ടത്തിന്റെ പൊള്ളുന്ന ഓർമ്മകളാണ് “ഉഷ്ണരാശി “യുടെ ഉള്ളടക്കത്തിൽ പ്രധാനം . അതിന്റെ താളുകളൊന്ന് മറിച്ചുനോക്കിയാലറിയാം പുന്നപ്ര – വയലാർ സ്മാരകത്തിന്റെ മഹത്വം. ഒപ്പം നമ്മളെങ്ങനെ നമ്മളായി എന്നും അതിൽ കമ്യൂണിസ്റ്റ് പാർട്ടി നിറവേറ്റിയ ആവേശോജ്വലമായ പങ്കും…

ആധുനിക കേരളത്തിന്റെ സാമൂഹികാവസ്ഥയും സംസ്ക്കാരവും രൂപപ്പെടുത്തുന്നതിൽ പുന്നപ്ര – വയലാർ പ്രക്ഷോഭത്തിനുള്ള പങ്ക് വളരെ വലുതാണ്. പാടത്തും പണിശാലകളിലും വിയർപ്പൊഴുക്കിയധ്വാനിച്ച് നാളുകൾ തള്ളിനീക്കുന്നവരെ നട്ടെല്ലുനിവർത്തി നടക്കാൻ പ്രാപ്തരാക്കിയ ചങ്കൂറ്റം നിറഞ്ഞ ചെറുത്തുനില്പുകളുടെ തുടക്കമായിരുന്നു അത്. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളിൽ വീർപ്പുമുട്ടിക്കഴിഞ്ഞ അധ:സ്ഥിതർക്ക് മോചനത്തിന്റെ വഴികാട്ടിയ ജനമുന്നേറ്റം.

“തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോരു “മായി മനുഷ്യരെ വിഭജിച്ചകറ്റിനിർത്തിപ്പോന്ന കാലമായിരുന്നു അത്. ദേശീയ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പുകൾ വിജയപീഠത്തിനരികെ എത്തിയിരുന്നു. ബ്രിട്ടീഷ് ഭരണമേധാവി കളുമായി ചർച്ചകൾ മുറുകിവരുന്ന സന്ദർഭം. തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരം കത്തിപ്പടരുകയായിരുന്നു ; ഒപ്പം സമ്പത്ത് മുഴുവൻ കൈയടക്കിവെച്ച് സാധാരണക്കാരെ അടിച്ചമർത്തി നെഗളിക്കുന്ന ജന്മി – നാട്ടുവാഴി പ്രമാണിമാർക്കെതിരായ പ്രക്ഷോഭവും .

അടിമത്തസമാനമായ നിലയിൽ പൊറുതിമുട്ടിക്കഴിഞ്ഞ പാവപ്പെട്ട ആളുകളെ സംഘടിപ്പിച്ചണിനിരത്തി അവകാശബോധത്തിന്റെ ആദ്യാക്ഷരം പഠിപ്പിച്ച തൊഴിലാളി-കർഷക പ്രസ്ഥാനത്തിന് പുന്ന പ്ര – വയലാർ പകർന്നു നൽകിയ ആത്മധൈര്യം അളവറ്റ തായിരുന്നു. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി (1946 ഒക്ടോബർ) ദിവാൻഭരണത്തിലെ പട്ടാളത്തോടേറ്റുമുട്ടി വീരമൃത്യു വരിച്ച സഖാക്കൾ അവിസ്മരണീയരാണ്. അവരോട് ഈ നാടിനുള്ള കടപ്പാട് ചരിത്രം രക്തലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അനശ്വരപോരാളികളുടെ സ്മാരകത്തിനുനേർക്ക് അതിക്രമത്തിന് മുതിർന്നവർ ആരായാലും മാപ്പർഹിക്കാത്ത അപരാധമാണ് ചെയ്തത്.

ആലപ്പുഴയിൽ വലിയ ചുടുകാട്ടിലെ പുന്നപ്ര – വയലാർ സ്മാരകം ഇരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും ജില്ലാ കമ്മിറ്റികളുടെ ഉടമസ്ഥതയിലുള്ളതാണ്. അവിടേക്ക് ചെന്ന് താന്തോന്നിത്തം കാണിച്ച സംഘപരിവാറുകാർ കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വല്ലാത്ത വൈകാരിക സ്പർശമുള്ള പ്രശ്നമായിട്ടും എൽ ഡി എഫ് പ്രവർത്തകർ അങ്ങേയറ്റം ആത്മസംയമനം പാലിച്ചതുകൊണ്ടാണ് സംഘർഷം ഒഴിവായത്. ഒരു ന്യായീകരണത്തിനും പഴുതില്ലാത്ത ധിക്കാരമാണ് ബി ജെ പി സ്ഥാനാർത്ഥി അവിടെ കാണിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടരികെ നിൽക്കെ അക്രമങ്ങൾക്ക് കോപ്പുകോട്ടിയിറങ്ങുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പക്ഷേ, തികച്ചും അപലപനീയമായ സംഭവമായിട്ടും യു ഡി എഫ് നേതൃത്വത്തിൽനിന്ന് ഒരു പ്രതികരണവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ബി ജെ പി യുമായുള്ള അവരുടെ രഹസ്യബന്ധംതന്നെയാണ് ഇതിൽ പ്രകടമാവുന്നത്.