“എവിടെയെങ്കിലും ഒന്നുറച്ച് നിക്കേടോ ” ജമാ അത്തെ ഇസ്ലാമിയക്കാരോട് ബഷീർ വള്ളിക്കുന്ന്

0
34

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായൊരു നിലപാടില്ലാത്ത കൂട്ടമായി ജമാ അത്തെ ഇസ്ലാമി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി ബഷീർ വള്ളിക്കുന്ന് രംഗത്ത് വന്നത്. മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്ന് വീമ്പടിച്ച ജമാ അത്തെ ഇസ്ലാമി ഇപ്പോൾ കോ ലീ ബി സഖ്യത്തിന്റെ ഭാഗമാണ്.

ആകെ പത്തൊൻപത്തിടത്താണ് ജമാ അത്തെ ഇസ്ലാമിക്ക്സ്ഥാ നാർത്ഥിയുള്ളത്. മറ്റിടങ്ങളിലും സംസ്ഥാനത്തൊട്ടാകെയും എന്ത് ചെയ്യണമെന്നറിയാത്ത ജമാ അത്തെ ഇസ്ലാമി ഇപ്പൊ വാട്സാപ്പ് യുണിവേഴ്സിറ്റികളിലൂടെ വ്യാജ പ്രചാരണവും വർഗീയതയും പടർത്തിയാണ് നേരം പോക്കുന്നത്.

“രഹസ്യമായി ബന്ധങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ്സ് – യുഡിഎഫ് നേതൃത്വം നിങ്ങളെ പരസ്യമായി അംഗീകരിക്കുന്നില്ല, പലപ്പോഴും തള്ളിപ്പറയുന്നു. നിങ്ങൾ കൂടെയുള്ളത് കൊണ്ട് വലിയ വോട്ട് നഷ്ടം ഉണ്ടാകുന്നു എന്ന് അഭിപ്രായമുള്ളവരാണ് അവരിൽ പലരും. പക്ഷേ ആട്ടും തുപ്പും കേട്ട് നിങ്ങൾ അങ്ങോട്ട് പിന്തുണ കൊടുത്ത് സ്വയം നാണം കെടുന്ന ഒരു കാഴ്ച നിരന്തരം കാണുന്നു.

പല മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ട് പോലും അവർക്ക് വേണ്ടി പ്രവർത്തിക്കണമോ അതോ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കണമോ എന്നറിയാത്ത ഒരവസ്ഥ.. എത്ര പരിതാപരകാരമാണെന്ന് ആലോചിച്ചു നോക്കൂ..” ബഷീർ വള്ളിക്കുന്ന് എഴുതുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഇത് ജമാഅത്തെ ഇസ്‌ലാമിയുടേയും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയറിന്റെയും പ്രവർത്തകന്മാർക്ക് മാത്രം വായിക്കാനുള്ള പോസ്റ്റാണ്. വേറെ ആരും വായിക്കേണ്ട.

പ്രിയപ്പെട്ട ജമാഅത്ത് സുഹൃത്തുക്കളേ, വളരെ സൗഹാർദപൂർവ്വം ഒരു കാര്യം പറയട്ടെ, നിങ്ങൾ നിങ്ങളെത്തന്നെ റദ്ദ് ചെയ്യുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതായത് കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലും ഈ സംസ്ഥാന തെരഞ്ഞെടുപ്പിലും.

നിങ്ങൾ എവിടെയാണ് നില്ക്കുന്നത് എന്ന് നിങ്ങൾക്ക് തന്നെ ബോധ്യമില്ലാത്ത ഒരവസ്ഥയുണ്ട്. സമ്പൂർണ്ണമായ ആശയക്കുഴപ്പം. യു ഡി എഫിനെ പിന്തുണക്കണമോ, സ്വന്തം സ്ഥാനാർത്ഥികളെ പിന്തുണക്കണമോ എന്നൊന്നും അറിയാത്ത അവസ്ഥയിലാണ് നിങ്ങളുടെ തന്നെ പല പ്രവർത്തകന്മാരും. കാരണം നേതൃത്വം മുതൽ താഴോട്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയുണ്ട്.

നിങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു സ്പെയ്സ് ഉണ്ട്. കൊക്കോകോള, പ്ലാച്ചിമട, പരിസ്ഥിതി, ഗെയിൽ.. എന്നിങ്ങനെയുള്ള സമരമുഖങ്ങളിലൂടെ സോളിഡാരിറ്റിയെയും അതിനോട് സഹകരിക്കുന്ന മതേതര രാഷ്ട്രീയ വാക്താക്കളെയുമൊക്കെ മുന്നിൽ നിർത്തി ഉണ്ടാക്കിയെടുത്ത ഒരു സ്പെയ്സ്.

മതരാഷ്ട്ര സിദ്ധാന്തമാണ് മൗലികമായ അടിത്തറയെങ്കിലും അത് പ്രത്യക്ഷത്തിൽ ചർച്ചയാക്കാതെ ഒരു പുരോഗമന കാഴ്ചപ്പാടുള്ള തിരുത്തൽ ശക്തിയായി സ്വയം പ്രോജക്ട് ചെയ്യുന്ന സമീപനമായിരുന്നു നിങ്ങളുടേത്. അതിൽ നിങ്ങൾ ഏറെക്കുറെ വിജയിച്ചിരുന്നു. മീഡിയ വൺ, മാധ്യമം പത്രം, ആഴ്ചപ്പതിപ്പ് തുടങ്ങിയവയിലൂടെ പതിറ്റാണ്ടുകളുടെ പ്രയത്നത്തിലൂടെ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ആ ഒരു തിരുത്തൽ രാഷ്ട്രീയ ഇമേജ് മൊത്തം കളഞ്ഞു കുളിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

രഹസ്യമായി ബന്ധങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ്സ് – യുഡിഎഫ് നേതൃത്വം നിങ്ങളെ പരസ്യമായി അംഗീകരിക്കുന്നില്ല, പലപ്പോഴും തള്ളിപ്പറയുന്നു. നിങ്ങൾ കൂടെയുള്ളത് കൊണ്ട് വലിയ വോട്ട് നഷ്ടം ഉണ്ടാകുന്നു എന്ന് അഭിപ്രായമുള്ളവരാണ് അവരിൽ പലരും.

പക്ഷേ ആട്ടും തുപ്പും കേട്ട് നിങ്ങൾ അങ്ങോട്ട് പിന്തുണ കൊടുത്ത് സ്വയം നാണം കെടുന്ന ഒരു കാഴ്ച നിരന്തരം കാണുന്നു. പല മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ട് പോലും അവർക്ക് വേണ്ടി പ്രവർത്തിക്കണമോ അതോ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കണമോ എന്നറിയാത്ത ഒരവസ്ഥ.. എത്ര പരിതാപരകാരമാണെന്ന് ആലോചിച്ചു നോക്കൂ..

മോഡി ഭരണകൂടത്തിന്റെയും അമിത് ഷായുടേയും പീഡന ഏജൻസികളുടെ കള്ളക്കഥകൾ പോലും ഉളുപ്പില്ലാതെ പ്രചരിപ്പിക്കേണ്ടി വരുന്ന ഒരാവസ്ഥയിലാണ് സോഷ്യൽ മീഡിയയിലെ നിങ്ങളുടെ പ്രവർത്തകന്മാർ. ഒരുകാലത്ത് നിങ്ങൾക്ക് സങ്കല്പിക്കാൻ പോലും കഴിയാതിരുന്ന സമീപനമാണിത്. ലീഗിനേയും മുസ്ലിം പ്രസ്ഥാനങ്ങളെയുമൊക്കെ ഓഡിറ്റ് ചെയ്ത് തിരുത്തൽ ശക്തിയായി സ്വയം നിന്നിരുന്ന നിങ്ങൾ എല്ലാ പിന്തിരിപ്പൻ സമീപനങ്ങൾക്കും ഓശാന പാടുന്ന ഒരു ഗ്രൂപ്പായി ഇപ്പോൾ മാറിയിരിക്കുന്നു. സത്യമല്ലേ അത്..

യു ഡി എഫിന് സോഷ്യൽ മീഡിയയിൽ അത് ഗുണം ചെയ്യുന്നുണ്ടാകും. നാലാളെ ഉള്ളുവെങ്കിലും നിങ്ങൾ നാല്പത് ആളുടെ ശബ്ദമുണ്ടാക്കും. അവർക്ക് വേണ്ടി ശഹീദാകാൻ വരെ തയ്യാറായി യുദ്ധരംഗത്ത് നിങ്ങൾ ഉള്ളത് കൊണ്ട് അവരത് ആസ്വദിക്കുന്നുമുണ്ടാകും, പക്ഷേ പരസ്യമായി നിങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടല്ലാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

ഒരു ബദൽ ശബ്ദമുയർത്തിയിരുന്ന നിങ്ങൾ സ്വന്തം അസ്തിത്വം തന്നെ റദ്ദ് ചെയ്യുന്ന കോമാളികളായി സ്വയം മാറുകയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ല. ഈ സ്ഥിതി തുടർന്നാൽ പതിറ്റാണ്ടുകൾ കഷ്ടപ്പെട്ട് നിങ്ങൾ ഉണ്ടാക്കിയെടുത്ത എല്ലാ സ്പെയിസും വെള്ളത്തിലാകും.

ഇത് പറഞ്ഞതിന് എനിക്ക് നേരെ പരിഹാസവും പൊങ്കാലയുമായി നിങ്ങൾ വരുമെന്നറിയാം. അതിൽ എനിക്ക് പരാതിയില്ല. പക്ഷേ നിങ്ങൾ മാത്രമുള്ള സർക്കിളുകളിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യണം. അതുകൊണ്ടാണ് ഇത് നിങ്ങൾക്ക് മാത്രമുള്ള പോസ്റ്റാണെന്നും വേറെ ആരും വായിക്കേണ്ട എന്ന് പ്രത്യേകം ഉണർത്തിയത്..

പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ആമീൻ.