രാജ്യത്ത് ചികിത്സയിലുള്ളവർ 3 ലക്ഷം കടന്നു

0
124

ഇന്ത്യയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്‌ ലക്ഷം കടന്നു. പുതിയ കണക്ക്‌ പ്രകാരം രാജ്യത്ത്‌ 3,09,087 രോഗികളുണ്ട്‌‌. ഫെബ്രുവരിൽ ഒന്നര ലക്ഷമായി കുറഞ്ഞ ശേഷം ഇരട്ടിയായി കുതിച്ചുയർന്നത്‌ ആശങ്കാജനകമാണെന്ന്‌ ആരോഗ്യവിദഗ്‌ധർ പ്രതികരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 43,846 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 115 ദിവസത്തിനിടയിലെ ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്‌. തുടർച്ചയായി പതിനൊന്നാം ദിവസമാണ്‌ വർധന. മഹാരാഷ്ട്ര, പഞ്ചാബ്‌, കർണാടക, ഗുജറാത്ത്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ നിന്നാണ്‌ 77 ശതമാനം രോഗികളും. വ്യാഴം–- 35,871, വെള്ളി–-39,726, ശനി–-40,953 എന്നിങ്ങനെ ദിവസംതോറും രാജ്യത്ത്‌ പുതിയ രോഗികളുടെ എണ്ണംവർധിക്കുകയാണ്‌.

രോഗംമൂലമുള്ള മരണനിരക്കും കാര്യമായി വർധിച്ചു. 24 മണിക്കൂറിൽ 197 മരണമാണ്‌‌ റിപ്പോർട്ട്‌ ചെയ്‌തത്‌. രാജ്യത്ത്‌ ഇതുവരെ 4.4 കോടിയോളം പേർക്ക്‌ വാക്‌സിൻ നൽകി.

മഹാരാഷ്ട്രയിലെ പുണെ, നാഗ്‌പുർ ജില്ലകളിൽ കോവിഡ്‌ ബാധിതരുടെ എണ്ണം കേരളത്തിലെ ആകെ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ. പുണെയിൽ 38,803 രോഗികളും നാഗ്‌പുരിൽ 28,423മാണ്‌‌. കേരളത്തിൽ നിലവിൽ 25,009 രോഗികളാണുള്ളത്‌‌. പുണെയ്‌ക്കും നാഗ്‌പുരിനും പുറമേ മഹാരാഷ്ട്രയിലെ മറ്റ്‌ മേഖലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്‌. മുംബൈയിൽ 20,019, താനെയിൽ 18,088, നാസിക്കിൽ 13,223 എന്നിങ്ങനെയാണ്‌ നിലവിലെ കോവിഡ്‌ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട്‌‌ ലക്ഷം പിന്നിട്ടു.

സംസ്ഥാനത്ത്‌ ഞായറാഴ്‌ച 2251പേർ കോവിഡ്‌മുക്തരായി. 1875 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44,675 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 4.2 ശതമാനം. ആകെ 1,26,61,721 സാമ്പിൾ പരിശോധിച്ചു. 13 കോവിഡ് മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4495.രോഗികളിൽ 58 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌ വന്നവരും അഞ്ചുപേർ ആരോഗ്യപ്രവർത്തകരുമാണ്‌. 1671 പേർ സമ്പർക്കരോഗികൾ.