തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ റെക്കോഡ്‌ നേട്ടത്തിലേക്ക്‌

0
44

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ റെക്കോഡ്‌ നേട്ടത്തിലേക്ക്‌. വ്യാഴാഴ്‌ചത്തെ കണക്കു‌പ്രകാരം വാർഷിക പദ്ധതിച്ചെലവ്‌ 73.27 ശതമാനത്തിലെത്തി. സമർപ്പിക്കപ്പെട്ട ബിൽകൂടി (പെൻഡിങ്‌‌ ബിൽ) കൂട്ടിയാൽ ഇത്‌‌ 76.60 ശതമാനമാകും.

ഈ ബില്ലുകൾ രണ്ട്‌ ദിവസത്തിനകം മാറും. 49 പഞ്ചായത്തുകൾ 100 ശതമാനം നേട്ടം കൈവരിച്ചു. 175 തദ്ദേശഭരണ സ്ഥാപനങ്ങളാകട്ടെ 90 ശതമാനം മറികടന്നു. ഇവയും ഉടൻ നൂറിലെത്തും.

അതോടെ ജനകീയാസൂത്രണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പദ്ധതിച്ചെലവായ 2017–18-ലെ 85.45 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങൾ മറികടക്കും. കോവിഡ്‌ പ്രതിസന്ധിയും തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടങ്ങളും നിലനിൽക്കെയാണ്‌ ഈ നേട്ടം കൈവരിച്ചത്‌. യുഡിഎഫ്‌ സർക്കാരിന്റെ അവസാനകാലം 73.61 ശതമാനമായിരുന്നു പദ്ധതിച്ചെലവ്‌.

അതിനിടെ, മുൻ വർഷങ്ങളിലെ തുടർ പദ്ധതികളുടെ ബിൽ നൽകാൻ ഫണ്ട് തികയാതെ വരുന്നതിനാൽ 90 ശതമാനം പദ്ധതിച്ചെലവ്‌ കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 500 കോടി രൂപകൂടി നൽകും. ഇതിന്‌ ധനവകുപ്പ്‌ പ്രത്യേകമായി തുക മാറ്റിവച്ചു. ഏത്‌ വിഹിതത്തിലാണോ 90 ശതമാനം തുക ചെലവഴിച്ചത് ആ വിഹിതത്തിലേക്കാകും അധികതുക കൈമാറുക.

യുഡിഎഫ്‌ സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ അഞ്ചുവർഷം നൽകിയതിന്റെ ഇരട്ടിയോളം തുക എൽഡിഎഫ്‌ സർക്കാർ ഇതുവരെ നൽകി. യുഡിഎഫ്‌ സർക്കാർ നൽകിയത്‌ 29,705.73 കോടി രൂപയാണ്‌.

എൽഡിഎഫ്‌ സർക്കാരാകട്ടെ‌ 52648.37 കോടി രൂപ നൽകി. പ്രളയസമയത്തും കോവിഡ്പ്രതിസന്ധിയിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം കുറയ്‌ക്കാതെ 77 ശതമാനം വർധിപ്പിച്ച്‌ നൽകി എൽഡിഎഫ്‌ സർക്കാർ.