ബി ജെ പി വോട്ട് മറിക്കൽ : ഒ രാജഗോപാൽ പറഞ്ഞ സത്യം , മുമ്പേ മാരാർജി എഴുതിയത്

0
172

കെ വി

കമ്യൂണിസ്റ്റുകാരോടുള്ള വിരോധത്തിൽ മുമ്പ് ബി ജെ പി വോട്ടുകൾ മറിച്ചിട്ടുണ്ടാവുമെന്ന മുതിർന്ന നേതാവ് ഒ രാജഗോപാൽ എം എൽ എ യുടെ ഏറ്റുപറച്ചിൽ നന്നായി. ഇത് എത്രയോ വർഷങ്ങൾക്കുമുന്നേ കേരളത്തിലെ ബി ജെ പിയുടെ ആചാര്യൻ കെ ജി മാരാർ തുറന്നുസമ്മതിച്ചതാണ്. പാഴായിപ്പോവുന്ന വോട്ടുകൾ മറിച്ച് വിറ്റ് ചില്ലറ നേട്ടങ്ങൾ ഒപ്പിക്കാൻ അന്ന് അവർക്ക് അറപ്പും ഉളുപ്പുമില്ലായിരുന്നു. പഴയ തറവാട്ടിലായിരുന്നപ്പോഴേ പുലർത്തിപ്പോരുന്ന പാരമ്പര്യമാണത്. ജനസംഘംമുതലിങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പിലും തരാതരംപോലെ തുടരുന്ന കീഴ്‌വഴക്കം. പ്രഖ്യാപിത മുഖ്യശത്രു കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും രഹസ്യ വേഴ്ചയ്ക്ക് പിൻവാതിൽ മനസ്സറിഞ്ഞ് തുറക്കപ്പെടും.

നിയമസഭാ പ്രവേശമെന്ന മെഗാ ബംപർ വാഗ്ദാനംതൊട്ട് ദേവസ്വം ബോർഡ് അംഗത്വംവരെ വെച്ചുനീട്ടി യു ഡി എഫ് അതിന്റെ ആലയിൽ വേറിട്ട പാർട്ടിയെ പലവട്ടം തളച്ച കുംബസാര രഹസ്യം നേരത്തേ അങ്ങാടിപ്പാട്ടായതാണ്.

സംസ്ഥാനത്തെ സംഘപരിവാറിന്റെ സ്ഥാപകനേതാക്കളിൽ ഒന്നാമനായ മാരാർജിയുടെ ജീവചരിത്രഗ്രന്ഥത്തിൽ “പാഴായ പരീക്ഷണം ” എന്ന ഒരധ്യായമുണ്ട്. അതിൽ നാലുപേജുകളിൽ വളരെ വിശദമായി ബി ജെ പി യുടെ പൂർവാസനത്തിലെ അവിശുദ്ധ ബന്ധം ചീറ്റിപ്പോയതുസംബന്ധിച്ച പ്രതിപാദ്യം കാണാം. 1991 -ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ അനുഭവംവെച്ചുള്ള ഏറ്റുപറച്ചിൽ ഇങ്ങനെയാണ് – “… വളരെ പ്രതീക്ഷയോടെ ബി ജെ പി നടത്തിയ പരീക്ഷണം ഫലവത്തായില്ല എന്ന് വോട്ടെണ്ണിയപ്പോൾ വ്യക്തമായി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കു മ്പോൾ മേലേത്തട്ടിലുണ്ടാക്കുന്ന തട്ടിക്കൂട്ടിയ ധാരണകൾ വിജയത്തിലെത്തിക്കാനാവില്ലെന്ന് ബോധ്യമായി. തോളൊപ്പമില്ലാത്തവരോട് ചങ്ങാത്തം പാടില്ലെന്ന ഗുണപാഠവും ബി ജെ പിക്കുണ്ടായി…” പക്ഷേ, അതൊന്നും ഉൾക്കൊള്ളാനോ തിരുത്താനോ നേതൃത്വം തയ്യാറായില്ലെന്നതിന് പിന്നെയും തെളിവുകൾ ഏറെയാണ്.

കെ ജി മാരാർ – രാഷ്ട്രീയത്തിലെ സ്നേഹസാഗരം എന്ന പുസ്തകത്തിലെ പതിനെട്ടാം ശീർഷകത്തിൽ 155, 156, 157, 158 എന്നീ പേജുകൾ ബി ജെ പിയുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തനിപ്പകർപ്പാണ്. അത് വ്യക്തമാക്കാൻ ആ ലേഖനത്തിലെ ചില ഭാഗങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം.
… ” ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാർത്ഥിയായി ബേപ്പൂരിൽ ഡോ. കെ മാധവൻ കുട്ടിയെ നിർത്താനും വടകര ലോകസഭാ മണ്ഡലത്തിൽ അഡ്വ. രത്നസിംഗിനെ പൊതുസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. …. ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻ പിള്ള , തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണ നൽകാൻ ധാരണയിലെത്തിയിരുന്നു. കെ ജി മാരാർക്ക് ജയിക്കാനാവശ്യമായ വോട്ട് കോൺഗ്രസ്സും ലീഗും നൽകുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിർന്ന നേതാക്കളെതന്നെ അവർ ചുമതലപ്പെടുത്തിയതായും അറിയിച്ചു. … തിരുവനന്തപുരത്ത് കോൺഗ്രസും എൻ എസ് എസും ബി ജെ പി സ്ഥാനാർത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബി ജെ പി സ്ഥാനാർത്ഥികൾക്ക് എത്ര സീറ്റിലാണോ യു ഡി എഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റിൽ തിരിച്ചും വോട്ടുചെയ്യുമെന്ന് ബി ജെ പിയും ഉറപ്പു നൽകി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാ തലത്തിലും ചർച്ച നടത്തിയെടുത്ത തീരുമാനം പൂർണമായി നടപ്പാക്കുന്നതിന് ബി ജെ പിക്ക് കഴിഞ്ഞു. … തെരഞ്ഞെടുപ്പ് ഫലം പക്ഷേ മറിച്ചായി. ധാരണയനുസരിച്ച് ബി ജെ പി പ്രവർത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് ഉണ്ടായില്ല. ബി ജെ പി സ്ഥാനാർത്ഥികളെ അവസാന നിമിഷം തന്ത്രപൂർവം അവർ തോല്പിച്ചു. …. ബേപ്പൂരിൽ ലീഗ് കാര്യമായി സഹകരിച്ചു. ഡോ. മാധവൻ കുട്ടിക്ക് 60, 413 വോട്ട് നേടാനായത് ആ സഹകരണം വ്യക്തമാക്കുന്നു. അതേ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ലോകസഭാ സ്ഥാനാർത്ഥി അഹല്യ ശങ്കറിന് ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് ലഭിച്ചത് 12,488 വോട്ടാണെന്നത് ഓർക്കണം. ”
രണ്ട് പ്രമുഖ പത്രപ്രവർത്തകർ മുൻ കൈയെടുത്താണ് അന്ന് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകൾക്ക് വേദിയായതായും അനുഭവക്കുറിപ്പുകളിൽ മാരാർജി ഓർക്കുന്നു. പക്ഷേ, ആ വളഞ്ഞ വഴികളൊന്നും വടകരയിലോ ബേപ്പൂരിലോ വിജയം കണ്ടില്ലെന്നതാണ് പ്രബുദ്ധകേരളത്തിന്റെ രാഷ്ട്രീയചരിത്രം അടയാളപ്പെടുത്തുന്നത്.
ബി ജെ പി യുടേതെന്നപോലെ കോൺഗ്രസിന്റെയും ലീഗിന്റെയും രാഷ്ട്രീയകാപട്യം മാരാർജിയുടെ വിവരണത്തിൽ വെളിപ്പെടുന്നുണ്ട്. 29 വർഷംമുമ്പ് നടന്ന ഈ വോട്ടുകച്ചവടത്തെക്കുറിച്ച് പക്ഷേ, പുതിയ തലമുറക്കാർക്ക് അധികമറിയില്ല.
സംഘപരിവാർ പ്രസിദ്ധീകരണ സ്ഥാപനമായ കുരുക്ഷേത്ര പ്രകാശൻ ആണ് കൃതിയുടെ പ്രസാധകർ. രചയിതാവ് ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ദീർഘകാലം മാരാർജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനു മായിരുന്ന കണ്ണൂർ സ്വദേശി കെ കുഞ്ഞിക്കണ്ണനാണ്. ബി ജെ പിയുടെ മുഖപത്രമായ ജന്മഭൂമിയുടെ തിരുവനന്തപുരത്തെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്നു അദ്ദേഹം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത അത്രയും ആധികാരികമാണെന്ന് ചുരുക്കം. ചെറുപ്പക്കാർക്ക് ഒട്ടും സംശയം തോന്നേണ്ട കാര്യമില്ല.