തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിക്കുന്നത് എ.കെ.ജി: അശോകൻ ചെരുവിൽ

0
81

കേരളത്തിലെ തെരഞ്ഞെടുപ്പുകൾ മുന്നിൽ നിന്ന് നയിക്കാൻ എന്നും എ.കെ.ജി ഉണ്ടാകുമെന്നത് വാസ്തവമാണ്. അതിനാൽ തന്നെ ജീവിക്കാൻ വേണ്ടി കർഷകർ സമരം ചെയ്യുന്ന വർത്തമാന ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ സമരങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നത് മഹത്തായ എ.കെ.ജി.സ്മരണയാണെന്നും തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും എ.കെ.ജി.യാണ് മുന്നിൽ നിൽക്കുന്നത് എന്നും അശോകൻ ചെരുവിൽ എഴുതുന്നു.

ഫേസ്ബുക് പോസ്റ്റ് പൂർണ്ണ രൂപത്തിൽ

തൃത്താലയിൽ മാത്രമല്ല; എല്ലായിടത്തും എ.കെ.ജി. മുന്നിൽ നിന്ന് നയിക്കുന്നു.

തൃത്താലയിൽ മത്സരിക്കുന്നത് എ.കെ.ജിയാണ്’ എന്ന കാവ്യമനോഹരമായ മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നു. എനിക്കു തോന്നുന്നത് തൃത്താലയിൽ മാത്രമല്ല കേരളത്തിലെങ്ങും, പോര തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും എ.കെ.ജി.യാണ് മുന്നിൽ നിൽക്കുന്നത് എന്നാണ്.

ഏ.കെ.ജി.സ്മരണ അലയടിക്കുന്ന ഒരു മഹാസമരം – അന്നം തരുന്ന കർഷകരുടെ സമരം – രാജ്യത്തു നടക്കുന്നു എന്നതു തന്നെ കാരണം. കൊടുംതണുപ്പിനും വെന്തുരുകുന്ന ചൂടിനും നരേന്ദ്രമോദിയുടെ ക്രൂരമർദ്ദനങ്ങൾക്കും വഴങ്ങാതെ രാജ്യതലസ്ഥാനത്ത് കൃഷിക്കാർ നിന്നു പൊരുതുമ്പോൾ എ.കെ.ജി. ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകും

മണ്ണിനുവേണ്ടി” എന്നാണ് എ.കെ.ജി.യുടെ അത്മകഥയുടെ പേര്. മണ്ണിനും കർഷകനും വേണ്ടിയുള്ള നിലക്കാത്ത പോരാട്ടമായിരുന്നു ആ ജീവിതം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കർഷകർ അണിനിരന്ന ചരിത്രഘട്ടത്തിൻ്റെ ഏറ്റവും വലിയ സംഭാവനയാണ് എ.കെ.ജി. എന്ന ദേശീയ വിപ്ലവകാരി.

ആയിരത്തി തൊള്ളായിരത്തി ഇരുപതുകൾക്കു ശേഷം ഇന്ത്യയിൽ ദേശീയസമരം നയിച്ചത് കർഷകരാണ്. ചമ്പാരൻ, ഖേഡ, ബർദോളി, തെലുങ്കാന, തേഭാഗ ബംഗാൾ, കയ്യൂർ, കാവുമ്പായി, വയലാർ എന്നിവയെല്ലാം അതിൻ്റെ ജ്വലിക്കുന്ന അദ്ധ്യായങ്ങളാണ്.

ജന്മിത്തത്തിനും അതിനെ സംരക്ഷിക്കുന്ന സാമ്രാജ്യത്തത്തിനും എതിരായ പോരാട്ടങ്ങളിൽ പങ്കാളിയാവാനുള്ള ഏ.കെ.ജി.യുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ അന്നത്തെ വെല്ലൂർ ജയിലിൻ്റെ കൂറ്റൻ മതിലുകൾ നിഷ്പ്രഭമായി. അദ്ദേഹം ജയിൽ ചാടി. എ.കെ.ജി. കിടക്കാത്ത ജയിലുകൾ ഇന്ത്യയിൽ ഇല്ല. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്ത് 15ന് ഈ സമരഭടൻ ഏകാന്ത തടവിലായിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും മണ്ണിനും കർഷകനും വേണ്ടിയുള്ള തൻ്റെ സമരം എ.കെ.ജി. അവസാനിപ്പിച്ചില്ല. അധികാരവും പദവിയും പാർലിമെൻ്റുമൊന്നും ഈ വിപ്ലവകാരിയെ ലേശം പോലും വിഭ്രമിപ്പിച്ചില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത കർഷകജനതയെ വഞ്ചിച്ച കോൺഗ്രസ്സ് സർക്കാരുകൾക്കെതിരെ പാർലിമെൻ്റിനകത്തും പുറത്തും അദ്ദേഹം പ്രക്ഷോഭം നടത്തി.

ഇന്ത്യയിൽ എവിടെയാണോ മനുഷ്യൻ അവൻ പണിയെടുക്കുന്ന മണ്ണിൽ നിന്ന് വലിച്ചെറിയപ്പെട്ടത് അത് പഞ്ചാബായാലും ബിഹാറായാലും ബംഗാളായാലും കേരളത്തിലെ മലയോര ഗ്രാമമായ അമരാവതി ആയാലും അവിടെയെല്ലാം എ.കെ.ജി.സ്വയം സമർപ്പിതനായി.കമ്യൂണിസ്റ്റുകാർ എന്നാൽ ചെകുത്താന്മാർ എന്നു കരുതിയിരുന്ന അന്നത്തെ മലയോര ക്രൈസ്തവ കർഷകരുടെ ജീവിതത്തിന് അവലംബമാകാൻ അദ്ദേഹത്തിന് ഒരു വട്ടം പോലും ആലോചിക്കേണ്ടി വന്നില്ല.

തൻ്റെ പാർടിക്ക്‌ ആളും യൂണിറ്റുമില്ലാത്ത കൊടുംകാട്ടിൽ എല്ലു തുളക്കുന്ന തണുപ്പിനും വന്യമൃഗങ്ങൾക്കും ഇടയിലായിരുന്നു രാജ്യത്തെ ഇളക്കിമറിച്ച അമരാവതി നിരാഹാര സത്യഗ്രഹം. പണിയെടുക്കുന്നവർക്ക് കൃഷിഭൂമി പിടിച്ചെടുക്കാൻ വേണ്ടി തിരുവതാംകൂർ രാജാവിൻ്റെ മുടവൻമുകൾ കൊട്ടാരമതിൽ ചാടിക്കുമ്പോൾ ഈ വിപ്ലവകാരിക്ക് പ്രായം എഴുപതു കഴിഞ്ഞിരുന്നു.

ജീവിക്കാൻ വേണ്ടി കർഷകർ സമരം ചെയ്യുന്ന വർത്തമാന ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ സമരങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നത് മഹത്തായ എ.കെ.ജി.സ്മരണയാണ്.

അശോകൻ ചരുവിൽ