‘മു​​മ്പ്​ ഒരു ഝാർഖണ്ഡുകാരന്‍റെ വരവും ഇങ്ങനെയായിരുന്നു’; ഇഷാൻ കിഷനെ ധോണിയോട്​ ഉപമിച്ച്​ സേവാഗ്

0
74

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിൽ വെടിക്കെട്ട്​ അർധസെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാൻ കിഷനെ (32 പന്തിൽ 56) അഭിനന്ദിക്കുകയാണ്​ ക്രിക്കറ്റ്​ ലോകം. ട്വന്‍റി20 അരങ്ങേറ്റത്തിൽ ഫിഫ്​റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായ കിഷനെ വാഴ്​ത്തി നിരവധി മുൻ ക്രിക്കറ്റ്​ താരങ്ങളും രംഗത്തെത്തി.

അതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വീരേന്ദർ സേവാഗിന്‍റെ ട്വീറ്റാണ്​ ശ്രദ്ധയാകർശിക്കുന്നത്​. ഝാർഖണ്ഡുകാരനായ കിഷനെ നാട്ടുകാരൻ കൂടിയായ മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണിയുമായാണ്​ സേവാഗ്​ താരതമ്യം ചെയ്​തത്​

ബാറ്റിങ്​ ഓർഡറിൽ സ്​ഥാനക്കയറ്റം നേടി വന്ന്​ ഹൃദയം കീഴടക്കിയ ധോണിയുടെ അതേ മാതൃകയിലാണ്​ ഓപണറായെത്തി ഇഷാൻ കിഷൻ അവസരം മുതലാക്കിയത്​.

‘ഝാർഖണ്ഡിൽ നിന്നുള്ള ഒരു വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ബാറ്റിങ്​ ഓർഡറിൽ സ്​ഥാനക്കയറ്റം നേടി വന്ന്​ കഴിവ്​ തെളിയിക്കുന്നു. ഇത്​ തന്നെയാണ്​ മുമ്പും സംഭവിച്ചത്​. ഭയാശങ്കകളില്ലാത്ത, ആക്രമണോത്സുകമാർന്ന ഇഷാന്‍റെ ബാറ്റിങ്​ ഇഷ്​ടപ്പെട്ടു’ -സേവാഗ്​ എഴുതി.

മുൻ താരങ്ങളായ വി.വി.എസ്​ ലക്ഷ്​മൺ, യുവരാജ്​ സിങ്​, മൈക്കൽ വോൺ, ഇർഫാൻ പത്താൻ, മുഹമ്മദ്​ കൈഫ്​, ആർ.പി. സിങ്​ എന്നിവർ കിഷന്​ അഭിനന്ദനങ്ങളുമായെത്തി.

മികച്ച ബൗളിങ്​ പ്രകടന മികവിൽ ഇന്ത്യ ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ടിനെ ആറിന്​ 164 എന്ന സ്​കോറിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിൽ രണ്ടാം വിക്കറ്റിൽ 94 റൺസ്​ ചേർത്ത കിഷൻ-വിരാട്​ കോഹ്​ലി സഖ്യം ഇന്ത്യൻ വിജയത്തിന്​ അടിത്തറ പാകി. നാലമനായിറങ്ങിയ ഋഷഭ്​ പന്ത്​ (13 പന്തിൽ 26) കൂടി കത്തിക്കയറിയതോടെ 13 പന്തുകൾ ശേഷിക്കേ ഇന്ത്യ ഏഴുവിക്കറ്റിന്​ വിജയിച്ചു.ഫൈൻ ലെഗിലൂടെ സിക്​സർ പറത്തിയാണ്​ കോഹ്​ലി (73 നോട്ടൗട്ട്​) ഇന്ത്യയെ പരമ്പരയിൽ ഒപ്പമെത്തിച്ചത്​.