പ്രാദേശിക പ്രതിഷേധം; തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പിന്‍മാറും

0
22

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോകന്‍ കുളനടയും പിന്‍മാറാന്‍ സാധ്യത. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് അശോകന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ ഉടന്‍ അറിയിക്കും.

അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മറ്റികളും രാജിവച്ചിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചു. മണിപ്പുഴയിലെ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു.

ബിജെപിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സി മണികണ്ഠനും താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സി മണികണ്ഠന്‍ പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ ഒരു ബിജെപി അനുഭാവിയല്ല. ടി വിയിലൂടെ ആദ്യം പേര് കണ്ടപ്പോള്‍ മറ്റാരെങ്കിലുമാണെന്നാണ് കരുതിയത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല, കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാനും താല്‍പര്യമില്ല. വയനാട് ജില്ലയിലെ കൂടുതല്‍ ജനസഖ്യയുള്ള ആദിവാസി പണിയ വിഭാഗത്തിലെ എന്റെ പേര് പരിഗണിച്ചതില്‍ ഒരു വയനാടുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കാവുന്ന കാര്യമാണ്. എന്റെ ജോലിയുമായി മുന്നോട്ടുപോകാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ ബിജെപി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ സ്നേഹത്തോടെ തിരസ്‌കരിക്കുകയാണ്.” തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനിസരിച്ചുകൊണ്ടുള്ള ഒരു ജോലിയും ജീവിതവും മാത്രമാണ് ആഗ്രഹിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍.