ആദ്യ റൗണ്ടിലേ എൽ ഡി എഫ്തന്നെ ; വെട്ടിലും തിരുത്തിലും ഉടക്കി കോൺഗ്രസ്

0
33

– കെ വി –

നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യ ലാപ്പിലേ ഇടതുപക്ഷ – ജനാധിപത്യ മുന്നണിയാണ് മുന്നിൽ. 134 നിയോജക മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. ഇനി ആറിടത്തേ സ്ഥാനാർത്ഥിപ്രഖ്യാപനം വരാനുള്ളൂ. തുടർഭരണം ഉറപ്പിക്കാനുള്ള ആവേശത്തോടെ വിപുലമായ പ്രവർത്തക കൺവെൻഷൻ മണ്ഡലംതോറും നടന്നുകഴിഞ്ഞു. പലേടത്തും പ്രധാന മേഖലകളിൽ സ്ഥാനാർത്ഥിയുടെ ഒന്നാംഘട്ട സന്ദർശനവും തുടങ്ങി.

അതേസമയം , യു ഡി എഫിലെ കോൺഗ്രസ് മൽസരിക്കുന്ന 91 സീറ്റിൽ ഒരിടത്തും സ്ഥാനാർത്ഥി ആരാകുമെന്ന് വ്യക്തമായിട്ടില്ല. 81 സീറ്റിൽ തീരുമാനമായി, പത്തിടത്തേ തർക്കമുള്ളൂ എന്നാണ് പുറത്ത് പറയുന്നതെങ്കിലും മൊത്തത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒട്ടേറെ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. കേരളത്തിന്റെ മുഖ്യചുമതലയുള്ള മുതിർന്ന നേതാക്കൾ നാലുദിവസം ഡെൽഹിയിൽ തമ്പടിച്ച് കൂടിയാലോചിച്ചിട്ടും യോജിപ്പിലെത്താനായിട്ടില്ല. ഞായറാഴ്ചയോടെ അന്തിമ പട്ടികയാകുമെന്നാണ് ഒടുവിലത്തെ അറിയിപ്പ്. എ – ഐ ഗ്രൂപ്പുകളിലെ പ്രമുഖർ ചേർന്ന് സീറ്റുകൾ വീതംവെച്ച് തയ്യാറാക്കിയ കരടുലിസ്റ്റ് ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്. അതിൽ പിന്നെയും തടയലും മാറ്റലും കഴിഞ്ഞ് അംഗീകാരമായിട്ടേ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മടങ്ങുകയുള്ളൂ.

യുവാക്കൾക്കും വനിതകൾക്കുംകൂടി 60 ശതമാനം സീറ്റുകൾ നീക്കിവെക്കണമെന്ന് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി മുമ്പാകെ നേരത്തേ പോഷകസംഘടനകളിൽനിന്ന് നിർദേശം ഉയർന്നിരുന്നു. തൊഴിലാളി നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാവണമെന്ന ആവശ്യം ഐ എൻ ടി യു സി യും ഉന്നയിക്കുകയുണ്ടായി. തുടർച്ചയായി സീറ്റ് കൈയടക്കിവെച്ചുപോരുന്നവരെയും മണ്ഡലത്തിന് പുറത്തുനിന്ന് കെട്ടിയിറക്കുന്നവരെയും ഒഴിവാക്കണമെന്ന അഭിപ്രായവും ശക്തമായിരുന്നു. ഇതെല്ലാം വിലയിരുത്തി വിജയസാധ്യത നോക്കി പൊതുമാനദണ്ഡത്തിന് രൂപംനൽകിയതുമാണ്. സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെയും ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു ഈ ധാരണ ഉണ്ടാക്കിയത്. എന്നാൽ , ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ സീറ്റ് വിഭജനത്തിൽ വോട്ടുബാങ്കുകൾ ഉന്നംവെച്ചുള്ള സാമുദായിക സന്തുലനത്തിനാണ് മുൻതൂക്കം കൊടുത്തത്. അത്തരത്തിലുള്ള ചില വാദങ്ങളുടെ പിൻബലത്തിൽ സഭയിൽ സ്ഥിരാംഗമായ കെ സി ജോസഫിനെയും കെ ബാബുവിനെയും പോലുള്ളവരെ പട്ടികയിൽ നിലനിർത്തിയിരിക്കയാണ്. ഇവരെ വീണ്ടും ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടി സമ്മർദതന്ത്രം പ്രയോഗിക്കുകയായിരുന്നു. പക്ഷേ, ഹൈക്കമാൻഡിന്റെ സമ്മതം ആയിട്ടില്ല.

മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കെ മുരളീധരൻ അടക്കമുള്ള എം പി മാരും കടുത്ത വിയോജിപ്പറിയിച്ച ലിസ്റ്റാണ് ഉന്നതാധികാര സമിതിക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവർക്കേ പട്ടികയെക്കുറിച്ച് വിശദമായറിയൂ. എന്നാൽ, കാലപ്പഴക്കം നോക്കാതെ സിറ്റിങ് എം എൽ എമാർ തുടരട്ടെ എന്ന ഏകദേശ ധാരണ ശനിയാഴ്ച ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടത്രെ.
തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് സ്ഥാനാർത്ഥിനിർണയം നടത്തിയതെന്ന വിമർശനം കഴിഞ്ഞ ദിവസം രാജിവെച്ച സീനിയർ കോൺഗ്രസ് നേതാവ് മുൻ എം പി കൂടിയായ പി സി ചാക്കോ ഉന്നയിച്ചിരുന്നു. കെ പി സി സി ജനറൽ സെകട്ടറിയും എം പി യുമായിരുന്ന പി ജെ കുര്യനും ഇതിനെ അനുകൂലിച്ച് രംഗത്തിറങ്ങി. സംഘടനാമര്യാദകൾ ലംഘിക്കുന്ന നേതൃത്വത്തിനെതിരെ പാലക്കാട്ടെ പ്രമുഖ നേതാവ് എ വി ഗോപിനാഥും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

കോൺഗ്രസ്സിലെ സംഘടനാ രീതിപ്രകാരം പ്രദേശ് ഇലക് ഷൻ കമ്മിറ്റിയാണ് പ്രാഥമിക സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കേണ്ടത്. തുടർന്ന് സംസ്ഥാനതല സ്ക്രീനിംഗ് കമ്മിറ്റി അത് പരിശോധിക്കണം. അവസാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും അത് കാണണം. ഇപ്രാവശ്യം അതൊന്നുമുണ്ടായിട്ടില്ല. നാല്പതംഗ തെരഞ്ഞെടുപ്പ് സമിതി വിളിച്ചുചേർത്ത് പട്ടിക സംബന്ധിച്ച് ചർച്ചയ്ക്ക് അവസരമേ നൽകിയില്ല. ഇരു ഗ്രൂപ്പിലെയും ചില നേതാക്കളുടെ ആശ്രിതരും നിക്ഷിപ്ത താല്പര്യക്കാരുമാണ് ലിസ്റ്റിൽ കടന്നുകൂടിയവരെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടിയിരുന്നു